പാറശ്ശാല നിയോജക മണ്ഡലത്തിലെ പെരുങ്കടവിള പഞ്ചായത്തില്‍ വടകര ദേശത്ത് മലഞ്ചരിവ് വീട്ടില്‍ മെല്‍ഹി മകന്‍ ജോയി (43) തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ മാറ്റവേ ഒഴുക്കില്‍പ്പെട്ട് മരണപ്പെടുകയുണ്ടായി. ജോയിക്ക് അദ്ദേഹത്തെ കൂടാതെ മൂന്ന് സഹോദരങ്ങള്‍ കൂടി ഉണ്ട്. ജോയിയും അദ്ദേഹത്തിന്റെ അമ്മയും സഹോദരിയുടെ വസ്തുവില്‍ അവരുടെ അനുവാദത്തോടെ നിര്‍മ്മിച്ച ഒറ്റമുറി വീട്ടിലാണ് താമസിക്കുന്നത്.
കൂലിവേലയില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് ഈ രണ്ട് അംഗങ്ങളുടെയും ജീവിതം മുന്നോട്ട് പോയികൊണ്ടിരുന്നത്. ശിഷ്ടകാലം അമ്മയ്ക്ക് താമസിക്കാന്‍ ഒരു വീടും വരുമാനവും കണ്ടെത്തേണ്ടതായിട്ടുണ്ട്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ഈ നിര്‍ധനകുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ജോയിയുടെ വേര്‍പാടിനെ തുടര്‍ന്ന് അമ്മയുടെ ഭാവി ജീവിതം ദുരിതപൂര്‍ണ്ണമാക്കാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്നും പരമാവധി അടിയന്തരസഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് പാറശ്ശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ജോയിയുടെ അമ്മയ്ക്ക് ഒരു ചെറിയ വീടും ഭാവിജീവിതത്തിന് ചെറിയ വരുമാനവും ലഭിക്കുന്നതിന് വേണ്ടിയുള്ള ധനസഹായം ഉണ്ടാകണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ ജോയി അപകടത്തിനിരയായ കരാര്‍ ജോലി ചെയ്തത് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ശുപാര്‍ശ പ്രകാരം കൂടിയാണ്. ആയതിനാല്‍ റെയില്‍വേയുടെ ധനസഹായം കൂടെ ജോയിയുടെ കുടുംബത്തിന് ലഭ്യമാക്കുന്നതിന് കേന്ദ്ര റയില്‍വേ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ബഹു.മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും .ജോയിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ആവശ്യമായ ചിലവ് റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമാക്കി നല്‍കുകയും ചെയ്തിട്ടുണ്ടെന്നും സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.
CONTENT HIGHLIGHTS;Govt should provide immediate help to Joy’s family: Chief Minister Parashala MLA C.K. Harindran