ധന്യന്‍ മാര്‍ ഇവാനിയോസ് പൗരസ്ത്യ ആരാധന ക്രമത്തെ അഭംഗുരം കാത്തുസൂക്ഷിച്ച സഭാനേതാവായിരുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. മലങ്കര കത്തോലിക്കാ സഭ ഇന്ന് സാര്‍വ്വത്രിക സഭയില്‍ പ്രേഷിത ആഭിമുഖ്യമുള്ള ഒരു വലിയ സഭയായി വളര്‍ന്നിരിക്കുന്നു. ധന്യന്‍ മാര്‍ ഇവാനിയോസിന്റെ 71-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന സമൂഹബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
രാവിലെ നടന്ന സമൂഹബലിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ മുഖ്യകാര്‍മ്മികനായിരുന്നു. ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറീലോസ്, ബിഷപ്പുമാരായ ജോഷ്വാമാര്‍ ഇഗ്നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്. മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രഹാം മാര്‍ ജൂലിയോസ് എന്നിവരും സഹകാര്‍മ്മികരായിരുന്നു.
മൂന്നൂറോളം വൈദികരും സമൂഹബലിയില്‍ പങ്കുചേര്‍ന്നു. സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം ഇതിനോടനുബന്ധിച്ച് നടന്നു. സമൂഹബലിക്ക് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും മാര്‍ റാഫേല്‍ തട്ടിലിനെ കബര്‍ ചാപ്പലിലേക്ക് സ്വീകരിച്ച് ആനയിച്ചു. മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പുനരൈക്യ പരിശ്രമങ്ങള്‍ക്ക് വലിയ പിന്‍ബലമാണ് സീറോ മലബാര്‍സഭ നല്‍കിയിട്ടുള്ളതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ പുതിയ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ സഭ കടന്നുപോകുന്ന എല്ലാ പരീക്ഷണ ഘട്ടങ്ങളെയും അതിജീവിക്കുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിയട്ടെ എന്ന് മാര്‍ ക്ലീമീസ് ബാവ ആശംസിച്ചു. തുടര്‍ന്ന് കബറിടത്തില്‍ അനുസ്മരണ പ്രാര്‍ത്ഥന നടന്നു. റവ. ഡോ. തോമസ് പ്രമോദ് ഒ.ഐ.സി., സാം മുതുകുളം എന്നിവര്‍ രചിച്ച പുസ്തകങ്ങള്‍ കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. ദുബായില്‍ നിന്നുള്ള കുട്ടികളുടെ ഗായകസംഘമാണ് സമൂഹബലിക്ക് ഗാനങ്ങള്‍ ആലപിച്ചത്.
ധന്യന്‍ മാര്‍ ഇവാനിയോസ് ഉപയോഗിച്ചിരുന്ന അംശവടിയും സ്ലീബായുമാണ് കാതോലിക്കാബാവ ഉപയോഗിച്ചത്. കനത്ത മഴയെ അവഗണിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വിശ്വാസികളുടെ വലിയ പങ്കാളിത്തം അനുസ്മരണ ശുശ്രൂഷകളില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 15 ദിവസമായി നടന്നുവന്ന ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.
CONTENT HIGH LIGHTS;Mar Ivanios protected the order of worship in abhorrence; Mar Raphael loft