Environment

ദിനോസറുകൾക്കൊപ്പം ജീവിതം; ഭൂമിയിലെ ഏറ്റവും പ്രാചീന മത്സ്യം | Coelacanth is the oldest fish on earth

ദിനോസറുകളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു മത്സ്യം ഇന്നും ഭൂമിയിലുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ . എന്നാൽ അത് സത്യമാണ് സീലകാന്ത് എന്നാണ് അവയുടെ പേര് . ഡൈനോ ഫിഷ് എന്നും അവ അറിയപ്പെടുന്നുണ്ട്. ഭൂമിയില്‍ ഇന്ന് നിലവിലുള്ള ഏറ്റവും പ്രാചീന മത്സ്യങ്ങളിലൊന്നാണ് സീലകാന്ത്. അതുകൊണ്ട് തന്നെ 1938 ല്‍ ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുമ്പോള്‍ ശാസ്ത്രലോകം ഒന്നാകെ അമ്പരന്നു. കാരണം മറ്റൊന്നുമല്ല, അന്ന് ശാസ്ത്രം വിശ്വസിച്ചിരുന്നത് ഈ മത്സ്യങ്ങള്‍ക്ക് ദിനോസറുകള്‍ക്കൊപ്പം 65 ദശലക്ഷം മുന്‍പ് വംശനാശം സംഭവിച്ചു എന്നായിരുന്നു. ഈ പ്രാചീന മത്സ്യങ്ങളെ 1938 ല്‍ കണ്ടെത്തിയതോടെയാണ് ഇവ ഇപ്പോഴും നിലവിലുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്ന് ഇതുവരെ എട്ട് തവണ മാത്രമാണ് ഈ മത്സ്യങ്ങളെ ഗവേഷകര്‍ക്കു കണ്ടെത്താനായത്.

ഇത്രയും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ചു എന്നു കരുതിയ മത്സ്യങ്ങള്‍ വീണ്ടും ജീവനോടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ശാസ്ത്രലോകം ഇവയെ ജീവിക്കുന്ന ഫോസിലുകള്‍ എന്നു വിളിച്ചതും. സാധാരണ മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായി സീലകാന്തുകൾക്ക് എട്ട് ചിറകുകളാണ് ഉള്ളത്. ഇവയുടെ നീന്തലും  നാൽക്കാലികളുടെ ചലനവും തമ്മിൽ ഒരുപാട് സാമ്യമുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. 80 കിലോയോളം ഭാരം വരുന്ന ഇവയ്‌ക്ക് രണ്ട് മീറ്ററോളം നീളവും ഉണ്ട്. 1938ലും 1952ലും മഡഗാസ്‌കറിൽ വച്ച് സീലാകാന്തുകളെ കണ്ടെത്തിയിട്ടുണ്ട്. സീലാകാന്തുകളുടെ സ്വഭാവങ്ങളെക്കുറിച്ച് വിശദവിവരങ്ങൾ ഇന്നും ലഭ്യമായിട്ടില്ല. ആഴക്കടലിൽ 100 മീറ്ററെങ്കിലും താഴ്ചയിൽ മാത്രമേ ഇവയെ സ്വാഭാവികമായി കാണാൻ കഴിയുകയുള്ളൂ. പകൽ സമയത്ത് ഇവ കൂടുതൽ ആഴത്തിൽ പോയി ഒളിച്ചിരിക്കുന്നതായും കരുതപ്പെടുന്നു. കടലിൽ 700 മീറ്റർ ആഴത്തിൽ വരെ ജീവിക്കാൻ സീലാകാന്തുകൾക്ക് കഴിയുമെന്നും കരുതപ്പെടുന്നു.

മഡഗാസ്‌കർ തീരത്ത് നിന്നും വീണ്ടും സീലാകാന്ത് മത്സ്യങ്ങളെ കണ്ടെത്തിയത് ശാസ്ത്ര പ്രസിദ്ധീകരണമായ മൊഗാബെ ന്യൂസ് ആണ് പ്രസിദ്ധീകരിച്ചത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മത്സ്യം ഇന്നും ഭൂമിയിലുണ്ടെന്ന കണ്ടെത്തൽ പരിണാമ പഠനത്തിൽ ഏറെ നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ.ദക്ഷിണാഫ്രിക്കന്‍ തീരപ്രദേശത്തു തന്നെയുള്ള ഇസിമാംഗലിസോ സമുദ്രജീവി പാര്‍ക്കിലാണ് സീലാകന്തുകൾ ഉള്ളത്. എറിക് എന്ന് വിളിക്കുന്ന ഒടുവില്‍ കണ്ടെത്തിയ മത്സ്യത്തിന്‍റെയും ദൃശ്യങ്ങള്‍ ലഭിച്ചത് ഈ മേഖലയില്‍ നിന്നാണ്.

സമുദ്രനിരപ്പില്‍ നിന്ന് 125 മീറ്റര്‍ ആഴത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലാണ് എറികിനെ കണ്ടത്. 2009 ലാണ് എറികിനെ ആദ്യമായി കണ്ടെത്തുന്നത്. 2013 ല്‍ വീണ്ടും എറിക് ഗവേഷകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സീലകാന്ത് മത്സ്യങ്ങള്‍ക്കിടയില്‍ സാറ്റ്‌ലെറ്റ് ടാഗ് നല്‍കിയിരിക്കുന്ന ഏക മത്സ്യവും എറികാണ്. 2000 ത്തിന് ശേഷം നാല് തവണയാണ് സീലകാന്ത് മത്സ്യങ്ങളെ കണ്ടെത്തിയത്. ഇതില്‍ മൂന്ന് തവണയും ഗവേഷകര്‍ക്ക് മുന്നിലെത്തിയത് എറികാണ്. സീലകാന്ത് മത്സ്യങ്ങളുടെ ജീവിതരീതിയും, ആവസമേഖലയും ഭക്ഷണ രീതിയുമെല്ലാം മനസ്സിലാക്കാന്‍ ഈ ദൃശ്യങ്ങള്‍ സഹായകരമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.