സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ അലട്ടുന്ന ഒരു രോഗാവസ്ഥയാണ് വെള്ളപ്പാണ്ട്. വെള്ളപ്പാണ്ട് നിരവധിപേരില്‍ മാനസികബുദ്ധിമുട്ട്, അപമാനം, ഉത്കണ്ഠ എന്നിവ ഉണ്ടാക്കുന്നുണ്ട്. സമൂഹത്തിലിറങ്ങി മറ്റുള്ളവരുമായി ഇടപെടാന്‍ മടിക്കുകയും ഇത് ഒരു പകര്‍ച്ചവ്യാധിയായി മറ്റുള്ളവര്‍ കണക്കാക്കുമോ എന്ന് ശങ്കിക്കുകയും ചെയ്യുന്നവരാണ് പലരും. പലരും വിഷാദാവസ്ഥയിലേക്കു പോലും പോകാറുണ്ട്. ചര്‍മത്തിനു നിറം കൊടുക്കുന്ന മെലാനിന്‍ എന്ന രാസവസ്തുവിന്റെ അപാകതമൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണു വെള്ളപ്പാണ്ട്. തൊലിപ്പുറത്തു വെള്ളനിറത്തിലുള്ള പാടുകളായാണ് ഈ രോഗം കാണപ്പെടുന്നത്. എന്നാല്‍ ഈ ഭാഗത്തിനു ചുറ്റും ഉള്ള ചര്‍മം സാധാരണനിറത്തില്‍ കാണപ്പെടാറുണ്ട്.
ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുതാണ് വെളളപ്പാണ്ട് ഉണ്ടാവാന്‍ കാരണം. കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന ഭാഗത്ത് മാത്രമായി വെള്ളനിറം പ്രത്യക്ഷപ്പെടാറുണ്ട്. വെള്ളപ്പാണ്ടുകള്‍ എങ്ങനെ വരുന്നു, എന്തുകൊണ്ട് വരുന്നു എന്നത് മിക്ക ആളുകള്‍ക്കും അറിയില്ല. പല ഘടകങ്ങളും പാണ്ടിന് കാരണമാവാറുണ്ട്. മനുഷ്യ ശരീരത്തിലെ, അതായത് ശരീരത്തെ അക്രമിക്കാന്‍ വരുന്ന ബാക്ടീരിയ, വൈറസ് പോലുള്ള അണുക്കളെ ചെറുത്തു നിര്‍ത്താന്‍ സഹായിക്കുന്ന കോശങ്ങള്‍ ശരീരത്തിന് നിറം നല്‍കുന്ന കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുമ്പോഴാണ് പാണ്ട് പ്രധാനമായും ഉണ്ടാകുന്നത്.
ശരീരത്തിന്റെ പല ഭാഗങ്ങളിലും വെള്ളനിറത്തിലുള്ള പാടുകള്‍ കാണാം. അത് പലരിലും പല വലുപ്പത്തിയിലും ആകൃതിയിലും ഘടനയിലുമായിരിക്കും. വെള്ളപ്പാണ്ടിനെ അതിന്റെ സ്വഭാവമനുസരിച്ച് പലതായി വേര്‍തിരിച്ചിട്ടുണ്ട്.
ചുണ്ടിലും കൈവിരലിന്റെ അറ്റങ്ങളിലുമായി വെള്ളനിറം പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള വെള്ളപ്പാണ്ടുകള്‍ അക്രോഫേഷ്യല്‍ വിറ്റ്‌ലിഗോ എന്ന മെഡിക്കല്‍ നാമത്തില്‍ അറിയപ്പെടുന്നു. ഇത് അപൂര്‍വമായി മാത്രം കാണപ്പെടുന്നതാണ്. മറ്റൊന്നാണ് കോമണ്‍ വിറ്റ്‌ലിഗോ; ഇത് മരുന്നുകൊണ്ട് മാറുന്നതാണ്.
സെഗ്മന്ററില്‍ വിറ്റ്‌ലിഗോ: ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുതാണ് ഇതിന് കാരണമാകുന്നത്. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായി വെള്ളനിറം പ്രത്യക്ഷപ്പെടുകയാണിത്. കൂടുതലായും കുട്ടികളിലാണ് ഇത്തരം വെള്ളപ്പാണ്ടുകള്‍ ഉണ്ടാവുന്നത്. നോ സെഗ്മന്റല്‍ വിറ്റ്‌ലിഗോ: ശരീരത്തിന്റെ പല ഭാഗങ്ങളിലായി വെള്ളനിറം പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, ശരീരഭാഗങ്ങള്‍ എവിടെയാണോ പ്രതലമായിട്ടുള്ളത് ആ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പാണ്ടാണ് കോമണ്‍ വിറ്റ്‌ലിഗോ. ഇവ ശരീരത്തിന്റെ ഏത് ഭാഗത്തും ബാധിക്കാം. രണ്ട് വര്‍ഷത്തോളം മാറ്റങ്ങളൊന്നും വരാതെ ഒരു സ്ഥലത്ത് തന്നെ കാണപ്പെടുന്നതാണ് ഫോക്കല്‍ വിറ്റ്‌ലിഗോ. ഇത് മറ്റുള്ളതിനെ അപേക്ഷിച്ച് ശരീരഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത കുറവാണ്.