അചഞ്ചലമായ ഭക്തിയുടെ പാരമ്യമാണ് തിരുമാന്ധാം കുന്ന്. ഉച്ചിയിൽ കുടികൊള്ളുന്ന ദേവീദേവന്മാരുടെ ഐതിഹ്യപ്പെരുമയിൽ തെളിയും മാന്ധാതാവും പൂന്താനവും അനേകായിരങ്ങളും അനുഭവിച്ചറിഞ്ഞ കടാക്ഷത്തിന്റെ പൊരുൾ. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ് തിരുമാന്ധാംകുന്ന് ഈ പൂജ നടക്കുന്നത്. തിരുമാന്ധാം കുന്നിൽ പ്രധാന പ്രതിഷ്ഠ ശിവനാണെങ്കിലും മറ്റ് പല ക്ഷേത്രങ്ങളിലെയും പോലെ ദേവിക്കാണ് പ്രാധാന്യവും പ്രശസ്തിയും. തിരുമാന്ധാം കുന്നിനെ ആദ്യം തിരുമാനാംകുന്ന് എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്നൊരു കഥയും ഉണ്ട്. മംഗല്യ തടസം മൂലം ദുഃഖിക്കുന്നവർ ഇവിടെ തുടർച്ചയായി മംഗല്യപൂജ നടത്താം എന്ന് നേർന്നാൽ രണ്ടാമത്തെ പൂജയ്ക്ക് മുൻപ് ഭൂരിപക്ഷം പേരുടെയും വിവാഹം നടക്കാറാണ് പതിവ്. വിവാഹം കഴിഞ്ഞാലും മുടങ്ങാതെ അത് നടത്തുകയും വേണം. അപൂർവം ചിലർക്ക് മാത്രമാണ് മൂന്ന് പൂജയും ചെയ്ത ശേഷം വിവാഹം നടക്കുന്നത്. വർഷത്തിൽ ഒന്ന് എന്ന രീതിയിൽ മൂന്ന് വർഷം തുടർച്ച യായാണ് മാംഗല്യപൂജ നടത്തേണ്ടത്.ശ്രീപാർവ്വതി പൂജിച്ചിരുന്നത് എന്ന് വിശ്വസിക്കുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ.
ഇക്ഷ്വാകു വംശത്തിലെ വീരരാജൻ മാന്ധാതാവ് രാജ്യഭാരമൊഴിഞ്ഞ് ഭഗവാൻ ശിവനിൽ അഭയം തേടി. പരമപദം ഇച്ഛിച്ച് ഭക്തന്റെ ഉഗ്രതപസിൽ സംപ്രീതനായി ദേവൻ പ്രത്യക്ഷപ്പെട്ടു. വരമേതുവേണ മെന്നാരാഞ്ഞ ശിവനോട് മാന്ധാതാവ് ആവശ്യപ്പെട്ടത് എന്നും പൂജചെയ്യാൻ അവിടുത്തേക്ക് പ്രിയപ്പെട്ടതെന്തെങ്കി ലുമൊന്ന്. സാക്ഷാൽ പാർവതീദേവി പൂജചെയ്യുന്ന ശിവലിംഗത്തേക്കാൾ പ്രിയപ്പെട്ടതൊന്നും ഭക്തന് നൽകുവാൻ ഭഗവാന് തോന്നിയില്ല. കൈലാ സത്തിൽ നിന്ന് പരമപൂജനീയമായ ശിവലിംഗം മാന്ധാതാവ് മഹർഷി ഇന്ന് തിരുമാന്ധാംകുന്നെന്ന് പുകഴ്പെറ്റ ഗിരിമുടിയിൽ പ്രതിഷ്ഠിച്ചു.
നിത്യേന പൂജചെയ്യുന്ന ശിവലിം ഗം ഭക്തന് സമ്മാനിച്ചതിൽ പാർവതീദേവിക്ക് നീരസമുണ്ടായി. എന്തു ചെയ്യാൻ! വരം തിരിച്ചെടുക്കാനാവില്ലെന്ന് ഭഗവാൻ. ഒടുവിൽ ഭദ്രകാളിയെയും ഭൂതപ്പടയെയും കൂട്ടി പാർവതീദേവി ശിവലിംഗം വീണ്ടെടുക്കാൻ പുറപ്പാടായി.
കുന്നിൻചെരുവിൽ ഭദ്രകാളിയെയും ഭൂതഗണങ്ങളെയും കണ്ട് മുനി കുമാരന്മാർ മുകളിൽ കായ്ച്ചുനിന്ന ആട്ടങ്ങകൾ പറിച്ചെറിയാൻ തുടങ്ങി. മാന്ധാതാവിന്റെ ദിവ്യത്വത്തിൽ കായ്കൾ അസ്ത്രങ്ങളായി താരഴക്ക് പതിച്ചു. യുദ്ധം നീണ്ടുനിന്നെങ്കിലും വിശ്വരൂപംപൂണ്ട ഭദ്രകാളി മുന്നേറുക തന്നെ ചെയ്തു. രക്ഷയില്ലെന്നുകണ്ട മാന്ധാതാവ് ശിവലിംഗത്തെ ധൃതരാഷ്ട്രാലിംഗനം ചെയ്തുകിടന്നു. മഹാമായയുടെ ബലപ്രയോഗത്തിൽ ശിവലിംഗത്തിന് പിളർപ്പുണ്ടായി.തനിക്ക് അത്രയും പ്രിയപ്പെട്ട ശിവലിംഗത്തിന് നാശം സംഭവിക്കുന്നത് ക ണ്ടുനിൽക്കാനാകാതെ പാർവതീ ദേവി ഇടപെട്ടു. മാന്ധാതാവിന്റെ ഭക്തിയിൽ അദ്ദേഹത്തോട് ആദരവുതോന്നിയി ദേവി ശിവലിംഗത്തിൽ ലയിക്കുകയും ചെയ്തു. ശ്രീമൂലസ്ഥാനത്തെ ഗണപതിക്ക് വലിയ സ്ഥാനമാണ് ഈ ക്ഷേത്രത്തിൽ. ഇവിടെ തൊഴുത് പ്രാർഥിച്ചശേഷമേ അകത്ത് പ്രവേശിക്കാവൂ. മംഗല്യപൂജ നടത്തുന്നതും ഗണപതിക്കാണ്. വിഘ്നേശ്വരൻ എല്ലാ തടസ്സങ്ങളും മാറ്റിത്തരുന്നതായാണ് വിശ്വാസം. ഗണപതിക്ക് കദളിപ്പഴം, അപ്പം, അട, പായസം തുടങ്ങിയവ നിവേദിക്കുന്നു. എല്ലാ ആഴ്ചകളിലും ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് മംഗല്യപൂജ. സ്ത്രീ പുരുഷ ഭേദമില്ല, എല്ലാ ജാതി, മത വിഭാഗത്തിൽ പെട്ടവർക്കും ഈ പൂജ നടത്താം.
മംഗല്യപൂജയ്ക്ക് രാവിലെ ഒൻപതിന് മുന്‍പ് ക്ഷേത്രത്തിൽ എത്തിച്ചേരണം. പൂജയിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. പൂജ കഴിഞ്ഞ് പ്രസാദം വാങ്ങി വേണം മടങ്ങാൻ. തിരുമാന്ധാംകുന്നിലമ്മയുടെ വിഗ്രഹം വരിക്കപ്ലാവിന്റെ തടികൊണ്ട് നിർമ്മിച്ചതാണ്. ഏതാണ്ട് ആറരയടിയോളം വലിപ്പമുണ്ട്. മാതൃശിലയിൽ സപ്തമാതൃക്കളും ഉണ്ട്. ക്ഷേത്രപാലന്റെയും ശ്രീമൂലസ്ഥാനത്തെയും പ്രതിഷ്ഠകൾക്ക് പുറമേ ശിവന്റെയും നാഗങ്ങളുടെയും ബ്രഹ്മരക്ഷ സ്സിന്റെയും പ്രതിഷ്ഠകളുണ്ട്.പത്തുമുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ അങ്ങാടിപ്പുറം ആസ്ഥാനമാക്കി നാടുവാണിരുന്ന വള്ളുവനാട് രാജാക്കന്മാരുടെ കുലദേവതയായിരുന്നു തിരുമാന്ധാംകുന്നിലമ്മ എന്നുപറയപ്പെടുന്നു. വേട്ടയ്ക്ക് പോകുന്ന വളളുവക്കോനാതിരിയെ ദേവി അനുഗമിച്ചിരുന്നുവെന്ന് വിശ്വാസത്തിന്റെ തുടർച്ച ഇപ്പോഴുമുണ്ട്. തിരുമാന്ധാംകുന്നിനടുത്തുള്ള വേട്ടേക്കരൻ കാവിലേക്ക് പൂരനാളിൽ ദേവി എഴുന്നെള്ളും.
ഒരു കാലത്ത് മൃഗബലി, ഗുരുതി തുടങ്ങിയ ആചാരങ്ങൾ ഉണ്ടായിരുന്ന ക്ഷേത്രമാണിത്. തിരുമാന്ധാം കുന്ന് എന്നായിരുന്നു ഒരു കാലത്ത് ഈ കുന്നിന്റെ പേര് എന്നും പറയപ്പെടുന്നു. വസൂരി പോലുള്ള മാറാരോഗങ്ങൾ പടർന്നിരുന്ന കാലങ്ങളിൽ ദേവീ ഭജനം നടത്തിയാൽ രോഗം ഭേദമാകും എന്ന് വിശ്വസിച്ചിരുന്നു. പൂന്താനത്തിന് രോഗം വന്നപ്പോൾ ഇവിടെ ഭജിച്ചാണ് രോഗം ഭേദമായത് എന്നാണ് ഐതീഹ്യം . ഇവിടെമാത്രം നടത്തിവരുന്ന സവിശേഷ പൂജയാണ് തിരിഞ്ഞുപന്തീരടി. ശ്രീകോവിലിൽ ദാരുവിഗ്രഹത്തിൽ കുടികൊള്ളുന്ന ചാമുണ്ഡി.വിഗ്രഹത്തിന്റെ കാന്തി നിലനിർത്തു ന്നതിനുവേണ്ടി തേക്കിൻ കറകൊണ്ട് ചാന്തിടാറുണ്ട്, ചാന്താട്ടം എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്, മിഥുനം, കർക്കിടകം മാസങ്ങളിലെ ചാന്താട്ടം ദേവിയുടെ ഇഷ്ട വഴിപാടുകളിലൊന്നാ ണ്. ദേവീ വിഗ്രഹത്തിലെ കനകാ ഭരണങ്ങൾക്ക് ഗണനീയമല്ലാത്ത് പഴക്കമുണ്ട്.കൊടുങ്ങല്ലൂരിലെ ശ്രീകുരുംബ ഭഗവതി തിരുമാന്ധാംകുന്നിലമ്മയോട് പിണങ്ങിപ്പോയ സഹോദരിയാണെന്ന് കാലങ്ങളായി ഭക്തരുടെ വിശ്വാസമാണ്. രണ്ടാം നൂറ്റാണ്ടിൽ ചേരൻ ചെങ്കുട്ടുവന്റെ കാലത്ത് നിർമ്മിക്കപ്പെട്ടതെന്നാണ് ശ്രീകുരുംബ ക്ഷേത്രത്തിന്റെ ചരിത്രം. ക്ഷേത്രമാതൃകകളിൽ കൊടുങ്ങല്ലൂരും തിരുമാന്ധാംകുന്നും തമ്മിൽ വലിയ സമാനതകൾ കാണാം.