Web-Series

എംടിയുടെ ഒന്‍പത് കഥകള്‍, മോഹന്‍ലാലും മമ്മൂട്ടിയും ഫഹദും ഒന്നിക്കുന്നു; ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസ് ചെയ്തു- Manoradhagal trailer out now

എം.ടി. വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടി,മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് സീരിസിലെ അഭിനേതാക്കള്‍. ചിത്രങ്ങള്‍ സീ 5 ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും. പ്രേക്ഷകര്‍ക്ക് സീരിസിന്റെ ഓരോ സിനിമയായി ഒടിടിയില്‍ കാണാനാകും.

സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. സീരീസില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്.
എംടിയുടെ മകളും പ്രശസ്ത നര്‍ത്തകിയുമായ അശ്വതി ശ്രീകാന്ത് ആണ് സീരിസിലെ ഒരു സിനിമ ഒരുക്കിയിരിക്കുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ‘ശിലാലിഖിതം’ എന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ആന്തോളജിയിലെ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന സിനിമ സംവിധായകന്‍ രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ പി കെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘ഷെര്‍ലക്ക്’ എന്ന ചെറുകഥ സിനിമയാക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിദ്ദീഖ് മുഖ്യവേഷത്തിലെത്തുന്ന ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രന്‍സ് എന്നിവരഭിനയിച്ച ‘സ്വര്‍ഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്യുന്നു. പാര്‍വതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകന്‍ ശ്യാമപ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റ്’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും അപര്‍ണ്ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എംടിയുടെ മകള്‍ അശ്വതി ശ്രീകാന്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എംടിയുടെ ‘വില്‍പ്പന’ എന്ന ചെറുകഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്.

 

 

 

Latest News