ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. മധുരയിൽ ഇന്നു രാവിലെയാണ് തീവ്ര തമിഴ് വാദ പാർട്ടിയായ നാം തമിഴർ കക്ഷിയുടെ നേതാവ് സി.ബാലസുബ്രമഹ്ണ്യം(48) കൊല്ലപ്പെട്ടത്. പത്തു ദിവസത്തിനിടെ തമിഴ്നാട്ടിൽ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ജൂലൈ 6ന് ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ.ആംസ്ട്രോങ്ങിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
നാം തമിഴർ കക്ഷിയുടെ മധുരൈ ജില്ലാ ഡപ്യൂട്ടി സെക്രട്ടറിയാണ് കൊല്ലപ്പെട്ട ബാലസുബ്രമഹ്ണ്യം. ഇന്നു രാവിലെ മധുരയിലെ വല്ലഭായ് റോഡിൽ പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു ബാലസുബ്രമഹ്ണ്യം. ചൊക്കികുളം ഭാഗത്ത് വച്ച് നാലംഗ അക്രമി സംഘം ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഡിഎംകെ മന്ത്രി പളനിവേൽ ത്യാഗ രാജന്റെ വീടിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്.
ജൂലൈ അഞ്ചിന് ചെന്നൈയിൽ വെച്ചാണ് ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ കെ ആസ്ട്രോങ് വെട്ടേറ്റ് മരിച്ചത്. ചെന്നൈ പെരമ്പൂരിലെ ആസ്ട്രോങ്ങിന്റെ വീടിന് സമീപമായിരുന്നു സംഭവം. ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘം തുടരെ തുടരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചെന്നൈ കോർപ്പറേഷനിലെ മുൻ കൗൺസിലർ കൂടിയായ ആംസ്ട്രോങ്ങിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ആംസ്ട്രോങ് കൊലപാതക കേസിലെ പ്രതികളില്‍ ഒരാളെ പൊലീസ് കഴിഞ്ഞ ദിവസം വെടിവെച്ചുകൊന്നിരുന്നു. കുപ്രസിദ്ധ കുറ്റവാളി തിരുവെങ്കിടമാണ് കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഇതോടെയാണ് വെടിവെച്ചതെന്നുമാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി ദേശീയ അധ്യക്ഷ മായാവതി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനിടെയായിരുന്നു പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.