History

കെട്ടുകഥകളുടെ കെട്ടഴിയുമ്പോൾ!! | dalavakkulam incident

ജാത്യാചാരങ്ങളുടേതായ ഇരുളടഞ്ഞ ഭൂതകാലത്ത് കേരളത്തിൽ നടന്ന കീഴാളപീഡനങ്ങളുടെ എണ്ണമറ്റ കഥകൾ ചരിത്രമായി അവശേഷിക്കുമ്പോൾ, അത്തരത്തിൽ പലരും പറഞ്ഞുപഴകിയ ഒരു സംഭവം കെട്ടുകഥയും വ്യാജചരിത്രവുമാണെന്ന് ഒരുവൻ പറയുമ്പോൾ പറയുന്നവനെ സംശയിക്കുക സ്വാഭാവികം!.

വ്യാജചരിത്ര നിർമ്മിതികളുടെ വക്താക്കളായി വലിയൊരു ഗൂഢസംഘം ചരിത്രത്തെ വളച്ചൊടിച്ച് തലമുറകളെ തെറ്റിദ്ധരിപ്പിക്കാൻ ഒരുങ്ങുമ്പോൾ ആ ഗൂഢസംഘത്തെ ചെറുക്കാൻ ബാദ്ധ്യസ്ഥരെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തന്നെ മറ്റൊരു വ്യാജചരിത്രനിർമ്മിതിക്ക് കൂട്ടുനിൽക്കുന്നുവെങ്കിൽ അതും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. മതനിരപേക്ഷമായി ചിന്തിക്കുന്ന ഒരു വലിയ ജനസമൂഹത്തിനെ തെറ്റിദ്ധാരണയിലേക്ക് തള്ളിയിടുന്നത് ഒരു പുരോഗമനപക്ഷത്തിന് ഒട്ടും യോജിച്ചതല്ല എന്നതുകൊണ്ടാണത്. ഇത്രയും മുഖവുരയായി പറയാതെ വിഷയത്തിലേക്ക് കടന്നാൽ ലേഖകനെയും വ്യാജചരിത്ര നിർമ്മാതാക്കളുടെ ഗൂഢസംഘത്തിലേക്ക് തള്ളിയിടാൻ വായനക്കാർ ശ്രമിക്കും എന്നുറപ്പാണ്. അതൊഴിവാക്കാൻ ഇത്രയും പറയേണ്ടി വന്നുവെന്ന് മാത്രം.

പൊതുവർഷം 1806 ൽ വൈക്കം മഹാദേവക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി സമാധാനപരമായി ജാഥയായി കടന്നുചെന്ന ഇരുന്നൂറോളം ഈഴവയുവാക്കളെ വേലുത്തമ്പി ദളവയുടെ ഉത്തരവനുസരിച്ച് വൈക്കം പത്മനാഭപിള്ള, കുഞ്ചുക്കുട്ടിപ്പിള്ള, കുതിരപ്പക്ഷി എന്നിവരുടെ നേതൃത്വത്തിലുള്ള കുതിരപ്പട്ടാളം നിഷ്കരുണം വെട്ടിക്കൊന്ന് ക്ഷേത്രത്തിന് സമീപമുള്ള ഒരു കുളത്തിലിട്ട് മൂടി എന്നതാണ് “ദളവാക്കുളം കൂട്ടക്കൊല” എന്ന പേരിൽ കൊണ്ടാടപ്പെടുന്ന ഐതിഹ്യകഥയുടെ ഉള്ളടക്കം. വേലുത്തമ്പി ദളവ നേരിട്ടെത്തിയാണ് വധിക്കപ്പെട്ടവരുടെ മൃതശരീരങ്ങൾ കുളത്തിൽ തള്ളുന്നതിനു നിർദ്ദേശം നൽകിയതത്രേ.

വൈക്കം സത്യാഗ്രഹത്തെ കുറിച്ചുള്ള ചില ചരിത്രപഠനങ്ങളിലും ഒരിക്കലും നടന്നിട്ടില്ലാത്ത ഈ സംഭവത്തെ വൈക്കം സത്യാഗ്രഹത്തിനും ഒന്നേകാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന “ധീരോജ്വല”മായ സമരപോരാട്ടമായി അവതരിപ്പിച്ചിരിക്കുന്നതും കാണുന്നുണ്ട്. മാത്രവുമല്ല. ആദരണീയരും പണ്ഡിതരുമായ ചില പ്രഭാഷകരും ഈ കഥയെ ഉദ്ധരണിയായി ചേർത്തു കാണാറുമുണ്ട്. ഓർമ്മകളിലൂടെ വാമൊഴിയായി കാലങ്ങളായി നിലനിന്നു പോരുന്ന ചരിത്രസംഭവമാണെന്നും മുൻകാല മുഖ്യധാരാ ചരിത്രകാരൻമാർ മന:പ്പൂർവ്വം കണ്ടില്ല എന്നു നടിച്ചതാണെന്നുമാണ് അവരുടെയൊക്കെയും വാദങ്ങൾ! അങ്ങനെ പറഞ്ഞും എഴുതിയും ചരിത്രമായി മാറിപ്പോയ ദളവാക്കുളം സംഭവത്തിൻ്റെ പിന്നിലെ ചരിത്രയാഥാർത്ഥ്യങ്ങളിലേക്ക് ഒരു എത്തിനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

“വിവേകോദയം” ദ്വൈമാസികയുടെ 1975 മേയ് – ജൂൺ ലക്കത്തിൽ അച്ചടിച്ചുവന്ന

ശ്രീ തലയോലപ്പറമ്പ് കെ.ആർ.നാരായണൻ്റെ ലേഖനത്തിലും അതിനെ പിൻപറ്റി ദളിത്ബന്ധു എൻ.കെ.ജോസ് എഴുതിയ വൈക്കം സത്യാഗ്രഹത്തെ വിമർശിച്ചു കൊണ്ടുള്ള ഗ്രന്ഥത്തിലുമല്ലാതെ മറ്റൊരിടത്തും ഇവർ പറയുന്ന കൂട്ടക്കൊലയെ പറ്റി അറിയുവാൻ ലിഖിതരൂപത്തിലുള്ള വിവരങ്ങൾ ലഭ്യമല്ല. വൈക്കത്തും പരിസരപ്രദേശങ്ങളിലും നൂറ്റാണ്ടുകളായി പ്രചാരത്തിലിരിക്കുന്ന ഒരു പടപ്പാട്ടിന്റെ വരികൾ ഈ സംഭവവുമായി ബന്ധപ്പെടുത്തി കെ.ആർ.നാരായണന്റെ ലേഖനത്തിൽ പരാമർശിക്കുന്നുമുണ്ട്. മുൻകാലത്ത് പലയിടങ്ങളിലായി ഈ “നരഹത്യയുടെ കഥ ” പ്രചരിപ്പിക്കപ്പെട്ടിരുന്നതിനെ കുറിച്ച് സത്യസന്ധമെന്ന് തോന്നും വിധം കെ.ആർ.നാരായണൻ അവതരിപ്പിക്കുന്നുണ്ട്. മഹാകവി കുമാരനാശാൻ ഈ ദാരുണമായ കഥ കേട്ട് രോമാഞ്ചമണിഞ്ഞു എന്നും ലേഖനത്തിലുണ്ട്.കുമാരനാശാനെ പോലെ ഉന്നതശീർഷനായ ഒരു വ്യക്തി ഇവർ പറയുന്ന ദളവാക്കുളം കൂട്ടക്കൊലയെ അപലപിച്ചു എങ്കിൽ ഈ കെട്ടുകഥ അന്നുതന്നെ മജ്ജയും മാംസവും വച്ച് രംഗത്തെത്തിയിരുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ചരിത്രസംഭവങ്ങളെ ആധികാരികമായ തെളിവുസാമഗ്രികളുടെ സഹായത്തോടെ വിശകലനം ചെയ്യാനറിയുന്ന ചരിത്രകാരന്മാരുടെ അഭാവത്തിൽ സംഭവങ്ങളുടെ കാലഗണനാക്രമം പോലും പരിഗണനക്കെടുക്കാതെ നിക്ഷിപ്ത താൽപ്പര്യക്കാർ കെട്ടിച്ചമച്ച ഭാവനാസൃഷ്ടി കാല്പനികലോകത്ത് വിരാജിച്ച മഹാകവിയെയും തെറ്റിദ്ധരിപ്പിച്ചിരിക്കാം.

 

1924 ൽ ടി.കെ.മാധവന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന “ദേശാഭിമാനി”യിൽ ഈ സംഭവത്തെ കുറിച്ചുള്ളതെന്ന് ഇവർ പറയുന്ന പടപ്പാട്ട് മുഴുവനായി അച്ചടിച്ചു വന്നുവെന്നും ഇപ്പോൾ അതിന്റെ പ്രതി കിട്ടാനില്ല എന്നും ആശ്വാസം കൊള്ളുന്നുമുണ്ട്. ഈ പാട്ടിന്റെ ആദ്യത്തെ ഏതാനും വരികൾ മാത്രമേ ഇപ്പോൾ പ്രചാരത്തിലുള്ളൂ എന്നാണ് വാദം. ഈ പാട്ടിന്റെ പൂർണ്ണരൂപം കിട്ടിയാൽ യഥാർത്ഥ സംഭവത്തിന്റെ ചുരുൾ അഴിഞ്ഞേക്കാം. അതുകൊണ്ട് അതു മറച്ചു പിടിക്കുന്നതാണോ എന്നറിയില്ല. അഥവാ ലഭ്യമായ പാട്ടിന്റെ ഭാഗം തന്നെ ഈ സംഭവവുമായി ബന്ധപ്പെട്ടുള്ളതാണോ എന്നും ഉറപ്പില്ല. ഈ പാട്ടിന്റെ പ്രചാരത്തിലൂടെ വാമൊഴിയായി നിലനിന്നു വന്ന അവ്യക്തമായ ജാതിസംഘർഷത്തിന്റെ ഓർമ്മയ്ക്ക് വേലുത്തമ്പിയുമായി ബന്ധപ്പെടുത്തി വ്യക്തത പുന:സൃഷ്ടിക്കുകയാണുണ്ടായത്. വേലുത്തമ്പിയുടെ നരഹത്യയ്ക്കാവട്ടെ ഒരു നൂറ്റാണ്ടിന്റെ പഴക്കമേയുള്ളു താനും. ഈ ഒരു നൂറ്റാണ്ടിനിടയിൽ വാമൊഴിയായി കേട്ടിരിക്കുന്നവരൊക്കെയും പുതിയ ആഖ്യാനത്തിലാണ് വിശ്വസിച്ചിരിക്കുന്നതും . കെ.ആർ.നാരായണന്റെ ലേഖനത്തിനും വളരെ മുമ്പു തന്നെ വൈക്കം പത്മനാഭപിള്ളയോടുള്ള വിരോധം ഹേതുവായി ഈ കഥ മറ്റാരെങ്കിലും കെട്ടിച്ചമച്ചതായിരിക്കാനും മതി.

1752 ലെ മാർത്താണ്ഡവർമ്മയുടെ വടക്കുംകൂർ ആക്രമണത്തിന് ശേഷം വൈക്കം തിരുവിതാംകൂർ രാജഭരണത്തിന് കീഴിലാണ്. അതിനും അര നൂറ്റാണ്ടിന് ശേഷം അവിട്ടം തിരുനാൾ ബാലരാമവർമ്മ ഭരണത്തിലിരിക്കുന്ന കാലത്താണ് ഈ സംഭവം നടന്നതായി നാരായണനും ജോസും ഇന്ന് അവരുടെ വിശ്വസ്ത അനുയായികളും കൊട്ടിഘോഷിക്കുന്നത്. അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകം !

 

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, സത്യവ്രത സ്വാമികൾ തുടങ്ങിയവരുടെ നേതൃത്വത്തിലുണ്ടായ അയിത്തോച്ചാടന പ്രസ്ഥാനങ്ങളുടെ ശ്രമഫലമായാണ് അവർണ ജനസമൂഹങ്ങൾ ക്ഷേത്രപ്രവേശനത്തിനും ആചാരങ്ങളിൽ പങ്കുകൊള്ളുന്നതിനും സമരമാർഗ്ഗങ്ങൾക്ക് പ്രചോദിതരാകുന്നുള്ളൂ. അതിനുമുമ്പ് അയിത്തത്തിനെതിരെ ഒറ്റപ്പെട്ട എതിർപ്പുകളല്ലാതെ കൂട്ടായ സമരരീതികൾ തിരുവിതാംകൂറിൽ ഒരിടത്തും നടന്നതായി അറിവില്ല. അത്തരത്തിൽ ആദ്യത്തേത് മാറു മറയ്ക്കുന്നതിനുള്ള അവകാശത്തിനായി 1823-1859ലുണ്ടായ ചാന്നാർ ലഹള മാത്രമാണ്. അതും വേലുത്തമ്പിയുടെ ഭരണകാലത്തിനും പതിറ്റാണ്ടുകൾ കഴിഞ്ഞാണ്.

 

വേലുത്തമ്പി ദളവ ഭരണാധികാരി എന്ന നിലയിലും സവർണ്ണപക്ഷപാതിയെന്ന നിലയിലും കീഴാളജനതയെ തിരഞ്ഞുപിടിച്ച് പീഡനങ്ങൾക്ക് വിധേയരാക്കിയതായി ചരിത്രത്തിൽ ഒരിടത്തുമില്ല. എന്നാൽ നാടുവാഴിത്തകാലത്തെ നീതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിരവധി പേരേ ശിക്ഷിച്ചിട്ടുണ്ട്. അതിൽ തന്നെ ഭരണരംഗത്തുള്ള സവർണ്ണരെയാണ് കൂടുതൽ ശിക്ഷിച്ചിരുന്നതെന്നാണ് ജീവചരിത്രരേഖകളിൽ കാണുന്നത്. വേലുത്തമ്പിയുടെ നയങ്ങളും രാഷ്ട്രീയനിലപാടും ജീവിതകാലത്തും പിന്നീടും ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു പ്രത്യേക ജാതിസമൂഹത്തിലെ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ വേലുത്തമ്പി ഒരുമ്പെടുമെന്ന് വിശ്വസിക്കാൻ തക്കതായ സാഹചര്യവും ചരിത്രത്തിലില്ല. പട്ടാളനയം പലപ്പോഴും ചില വിഭാഗങ്ങളുടെ അതൃപ്തിക്ക് കാരണമായത് കണ്ടെത്താനാവുന്നുണ്ട്. വേലുത്തമ്പി ഒരു വിഭാഗം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനിച്ചാൽ തിരുവിതാംകൂർ രാജാവ് അതിന് അനുമതി നൽകുമെന്നും കരുതാനാവില്ല. കൊല്ലപ്പെട്ടവരുടെ വൈക്കത്തെ പിന്മുറക്കാരാരും പിൽക്കാലത്ത് വഞ്ചീശമംഗളം പാടി രാജാവിനെ സ്തുതിക്കാനും മുതിരില്ല.

 

അധികാര പ്രമത്തനായി തന്നിഷ്ടത്തോടെ എടുത്ത രാഷ്ട്രീയ നിലപാടുകൾ തിരുവിതംകൂറിൽ വേലുത്തമ്പിക്ക് കുപ്രസിദ്ധിയാണ് നൽകിയതെങ്കിലും ഭണരംഗത്ത് ജനക്ഷേമകരമായ പല നടപടികളും വേലുത്തമ്പി ദളവ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലെ ചന്തയുടെ സ്ഥാപനം. ചന്തയിൽ തന്നെ ക്രിസ്ത്യാനികൾക്ക് വേണ്ടി ഒരു പള്ളിയും അദ്ദേഹം പണി കഴിപ്പിച്ചു കൊടുത്തിരുന്നു. തന്റെ ആജന്മശത്രുമായ തച്ചിൽ മാത്തുതരകൻ കൃസ്ത്യൻ സമുദായപ്രമാണിയായി വാഴുന്ന കാലത്തു തന്നെയാണ് ഈ പള്ളിസ്ഥാപനം നടന്നതെന്നത് ശ്രദ്ധേയമാണ്. ഒരു ജനസമൂഹത്തിനോടും അകാരണമായി ജാതിവൈരം അദ്ദേഹത്തിനുണ്ടായിരുന്നതായി കരുതാനാവില്ല.

 

തിരുവിതാംകൂറിലെ വടക്കൻ മേഖലയിലെ ക്രമസമാധാനകാര്യങ്ങൾക്ക് ചെമ്പിൽ അരയൻ, വൈക്കം പത്മനാഭപിള്ള, കുഞ്ചുക്കുട്ടിപ്പിള്ള എന്നിവരെയാണ് ദളവ ചുമതലപ്പെടുത്തിയിരുന്നത്. ഇതിൽ ചെമ്പിലരയനെ കൗശലപൂർവ്വം ഒഴിവാക്കി പകരം കുതിരപ്പക്കിയെ ചേർത്തു പുതുതായി കഥ നിർമ്മിച്ചിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കുതിരപ്പട്ടാളത്തിന് യഥേഷ്ടം സഞ്ചരിക്കാവുന്ന വഴികളൊന്നും അക്കാലത്ത് വൈക്കത്തുണ്ടായിരുന്നില്ല എന്നു മാത്രമല്ല നിരവധി തോടുകളും അവയ്ക്ക് കുറുകെയുള്ള ഒറ്റത്തടിപ്പാലങ്ങളും കടന്നു മാത്രമേ മറ്റു ദേശങ്ങളിൽനിന്ന് വൈക്കത്ത് എത്താൻ കഴിഞ്ഞിരുന്നുള്ളൂ എന്നു കൂടി ഓർക്കണം.

 

വൈക്കം ക്ഷേത്രം മുൻകാലത്ത് ബുദ്ധവിഹാരമായിരുന്നു എന്നും ഈഴവർ ബുദ്ധമതക്കാരായിരുന്നതിനാൽ ക്ഷേത്രത്തിന്റെ മുൻകാല അവകാശികൾ തങ്ങളാണെന്നും അവകാശമുന്നയിച്ച് ക്ഷേത്രത്തിൽ കയറി ദർശനം നടത്താൻ സമാധാനപൂർണ്ണമായി ജാഥയായി പോയവരെ പ്രകോപനം കൂടാതെ മൂവരും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ഈ ഭാവനാസൃഷ്ടി! “തിരുവാസകം” എന്ന കൃതി രചിച്ച മാണിക്കവാചകർ വൈക്കംക്ഷേത്രം സന്ദർശിച്ചതായി സൂചനയുള്ളതിനാൽ ഒമ്പതാം നൂറ്റാണ്ടിൽ തന്നെ അവിടെ ശൈവാരാധനയാണ് നടന്നിരുന്നതെന്ന് ഉറപ്പിക്കാം. അതിനുമുമ്പ് അവിടെ ബുദ്ധപ്പള്ളിയാണെന്ന് കരുതുന്നുവെങ്കിൽ സാധ്യത തള്ളിക്കളയാനാവില്ല. പക്ഷേ അക്കാലത്ത് ഈഴവസമൂഹം വൈക്കത്ത് പ്രബലമായിരുന്നോ എന്നതിനും തെളിവില്ല. വൈക്കത്തെ ഈഴവരുടെ പൂർവ്വികർ കരപ്പുറത്തെ വേളോർവട്ടത്തു നിന്ന് എത്തിയവരാണ് എന്നൊരു സങ്കല്പം അവർക്കിടയിൽ തന്നെ ഉള്ളതിനാൽ പത്താം നൂറ്റാണ്ടിന് ശേഷം മാത്രം ജനവാസമുണ്ടായ കരപ്പുറത്ത് നിന്ന് ഒമ്പതാം നൂറ്റാണ്ടിന് മുമ്പ് വൈക്കത്തേക്ക് കൂടിയേറ്റമുണ്ടാകാൻ തരമില്ലല്ലോ.

 

വൈക്കം ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ചില ചടങ്ങുകളിൽ മുൻകാലങ്ങളിൽ ഈഴവർക്കും പ്രാധിനിത്യമുണ്ടായിരുന്നു. പ്രശസ്ത ഈഴവത്തറവാടായ കാലായ്ക്കൽ കുടുംബകാരുടെ നേതൃത്വത്തിലും ചുമതലയിലുമാണ് നാലമ്പലത്തിന് പുറത്തുണ്ടായിരുന്ന ചില ചടങ്ങുകൾ നടത്തപ്പെട്ടിരുന്നത്. ആ ചടങ്ങുകൾ വിലക്കപ്പെടുന്നതിനും ഈഴവർക്ക് വഴിനടപ്പു പോലും നിഷേധിക്കപ്പെടുന്നതിനും ഇടയാക്കിയ സാഹചര്യം പിന്നീടുണ്ടായി. അതു വഴിയേ പറയാം.

 

ദളവാക്കുളത്തിന് ആ പേര് ലഭിച്ചത് ഇരുനൂറു പേരെ വേലുത്തമ്പി ദളവാ കൊന്ന് കുളത്തിലിട്ട് മൂടിയത് കൊണ്ടാണെന്നാണ് ഈ “ചരിത്രകഥ”യുടെ പ്രചാരകന്മാർ തട്ടി വിടുന്നത്. പാവപ്പെട്ട നാട്ടുകാരെ അരുംകൊല ചെയ്ത ക്രൂരനായ ഒരു ഭരണാധികാരിയുടെ പേര് ആ ഹതഭാഗ്യന്മാരുടെ ശരീരഖണ്ഡങ്ങൾ വീണ കുളത്തിന് ചാർത്തിക്കൊടുത്ത വിവരദോഷികൾ ആരായിരിക്കും. അങ്ങനെ പേരിട്ടെങ്കിൽ അത് പ്രചാരത്തിലാക്കിയ നാട്ടുകാർ ആരൊക്കെയായിരിക്കും? ഈ വാദം യുക്തിക്ക് നിരക്കുന്നതല്ലല്ലോ!

 

AD 1752 ൽ വടക്കുംകൂർ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം AD 1754 ൽ മാർത്താണ്ഡവർമ്മ വൈക്കം ക്ഷേത്രത്തിനോടനുബന്ധിച്ച് കുറച്ചേറെ വികസന പ്രവർത്തനങ്ങൾ നടത്തി. പ്രശസ്തമായ നിലയിൽ ഒരു മുറജപവും നടത്തി. ക്ഷേത്രത്തിന്റെ പ്രാകാരം തന്നെ പുതുക്കിപ്പണിതു. വൈക്കം ക്ഷേത്രത്തോടു ചേർന്ന പ്രധാന കുളത്തിൽ അക്കാലത്ത് നമ്പൂതിരി ബ്രാഹ്മണർക്ക് മാത്രമേ കുളിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി തമിഴ് ബ്രാഹ്മണർ, കൊങ്കണി ബ്രാഹ്മണർ, അമ്പലവാസികൾ, നായന്മാർ തുടങ്ങിയ നമ്പൂതിരി ഇതര സവർണർക്ക് കുളിക്കുന്നതിനായി രാമയ്യൻ ദളവയുടെ ചുമതലയിൽ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് കേവലം 200 മീറ്റർ അകലെയായി കുത്തിയുണ്ടാക്കിയ കുളമാണ് ദളവാക്കുളം. രാമയ്യന്റെ സ്മരണയ്ക്കായാണ് ദളവാക്കുളമെന്ന് അതിനു പേര് വീണത്. ക്ഷേത്രപ്രവേശന വിളംബരത്തോടെ ക്ഷേത്രക്കുളം മറ്റുള്ളവരും ഉപയോഗിക്കാൻ തുടങ്ങിയതോടെ ദളവാക്കുളം ഉപയോഗ്യശൂന്യമായി മാറി. പിൽക്കാലത്ത് അതു നികത്തി. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പുവരെ ആ കുളം അവിടെയുണ്ടായിരുന്നു. അവിടെയാണ് ഇപ്പോൾ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. 1754 ൽ രാമയ്യൻ ദളവ മുൻകൈയെടുത്ത് കുത്തിയുണ്ടാക്കിയതിനാൽ അദ്ദേഹത്തിൻ്റെ സ്മരണ നിലനിർത്തുന്നതിനാണ് ദളവാക്കുളം എന്ന പേര് വന്നത്. വൈക്കം നഗരസഭ പുറത്തിറക്കിയ സ്മരണികയിലും ഇതു പ്രത്യേകം പരാമർശിച്ചിട്ടുണ്ട്!.

 

വേലുത്തമ്പി ദളവയുടെ കിങ്കരന്മാർ സമരനേതാക്കളായ യുവാക്കളെ കൊന്നു തള്ളിയ കുളമായതിനാലാണ് ദളവാക്കുളം എന്ന് പേരു വന്നത് എന്നാണ് ഈ സങ്കല്പികസൃഷ്ടിയുടെ നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നതെന്നു പറഞ്ഞല്ലോ. വൈക്കം ക്ഷേത്രത്തിൻ്റെ ദർശനവശമായ കിഴക്കേനടയിൽ നിന്ന് ഏറെ അകലെയല്ലാതെ ഉപയോഗത്തിലിരുന്ന ഒരു കുളത്തിൽ ശവശരീരങ്ങൾ ഉപേക്ഷിക്കാൻ തലയ്ക്ക് വെളിവുള്ള ഒരു ഭരണാധികാരിയും ഒരുമ്പെടില്ല. അതിന് ഇടയായാൽ ക്ഷേത്രവിശ്വാസികളായ സവർണരുൾപ്പെടെ എല്ലാവരും ശക്തമായി എതിർക്കുമെന്ന് ഉറപ്പല്ലേ. ഇരുന്നൂറോളം പേരുടെ ശരീരം വീണാൽ നിറയുകയും മണ്ണിട്ട് മൂടാൻ മാത്രം വിസ്താരവുമുള്ള കുളമായിരിക്കില്ല അവിടുത്തേത് എന്ന് വാമൊഴിയായി തന്നെ വ്യക്തമാണ്. സാമാന്യം വിസ്തൃതിയും ആഴവും ദളവാക്കുളത്തിന് ഉണ്ടായിരുന്നത്രെ ! ഇരുന്നൂറോളം പേരെ കൊന്നൊടുക്കിയാൽ അവരുടെ ശവശരീരങ്ങൾ ചവിട്ടിത്താഴ്ത്താൻ തന്നെ പറ്റിയ ചതുപ്പുപ്രദേശങ്ങൾ ഇപ്പോഴും വൈക്കത്തിനടുത്തു തന്നെയുണ്ട്. ഒരു തീർത്ഥക്കുളം ശവശരീരമിട്ട് അഴുകാൻവിട്ട് മലിനമാക്കാൻ ദളവയും കൂട്ടരും മുതിരുമെന്ന് തലയ്ക്ക് വെളിവുള്ള ആരും കരുതില്ല.

Content highlight :dalavakkulam incident