Travel

എയർ ഇന്ത്യ എക്സ്പ്രസിലൂടെ വിമാന യാത്രയ്ക്കൊപ്പം ടൂർ പാക്കേജും ബുക്ക് ചെയ്യാം | Air India Express introduces Xpress Holidays

മേക്ക് മൈ ട്രിപ്പുമായി ചേർന്നാണ് പദ്ധതി

കൊച്ചി: ദുബായ്, കശ്മീർ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുടുംബ സമേതമോ ഒറ്റയ്ക്കോ കൂട്ടൂകാർക്കൊപ്പമോ അവധിക്കാല യാത്ര നടത്തുന്നവർക്ക് വിമാന ടിക്കറ്റിനൊപ്പം ടൂർ പാക്കേജും കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരിൽ മേക്ക് മൈ ട്രിപ്പുമായി ചേർന്നാണ് ഈ പുതിയ പദ്ധതി.

 

ദുബായ്, കശ്മമീർ, രാജസ്ഥാൻ, ഗോവ, അമർനാഥ്, മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് airindiaexpress.com എന്ന എയർ ഇന്ത്യ എക്സ്പ്രസ് വൈബ്സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം. 15,876 രൂപ മുതൽ ഗോവ പാക്കേജും 44,357 രൂപ മുതൽ ദുബായ് പാക്കേജും ലഭ്യമാണ്. കശ്മീരിലേക്ക് 39,258 രൂപ മുതലും അമർനാഥിലേക്ക് 33,000 രൂപ മുതലും പാക്കേജുകൾ ലഭ്യമാണ്.

 

ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, മൂന്ന് രാത്രിയും നാല് പകലും ഫോർ സ്റ്റാർ ഹോട്ടലിലെ താമസം, എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കും തിരികെ എയർപ്പോർട്ടിലേക്കും ടാക്സി സേവനം, ഭക്ഷണം, തുടങ്ങിയവ അടക്കമാണുള്ളതാണ് പാക്കേജ്. ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ്, വിസ, സൈറ്റ് സീയിംഗ്, താമസ സൗകര്യം അടക്കം അടക്കം നാല് രാത്രിയും അഞ്ച് പകലും നീണ്ടു നിൽക്കുന്നതാണ് ദുബായ് പാക്കേജ്.

 

യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സേവനം എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റിലൂടെയും മൊബൈൽ അപ്പിലൂടെയും ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്ന് എക്സ്പ്രസ് ഹോളിഡേസിന് തുടക്കമിട്ടതോടെ രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിനൊപ്പം മികച്ച ഓഫറില്‍ താമസിക്കാനുമുള്ള അവസരം കൂടിയാണ് തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യ എക്സ്പ്രസുമായുള്ള ഈ പങ്കാളിത്തം ഓരോ യാത്രാ അനുഭവവും സമഗ്രമാക്കുമെന്ന് മേക്ക് മൈ ട്രിപ്പ് ഫ്ളൈറ്റ്, ഹോളിഡേസ് ആന്‍റ് ഗള്‍ഫ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സൗജന്യ ശ്രീവാസ്തവ പറഞ്ഞു.