ഓസ്‌ട്രേലിയയിലുള്ള ഉൾക്കടൽ മേഖലയാണ് ഷാർക് ബേ എന്നറിയപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ മേഖല പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ളതാണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യം വളരുന്നത്. സീഗ്രാസ് മെഡോസ് എന്ന് ഈ മേഖല അറിയപ്പെടുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ കടൽപ്പുല്ലാണ് ഇവിടെ വളരുന്നത്. ഏകദേശം 200 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണ് ഈ സസ്യം വളർന്നുനിൽക്കുന്നത്. അനേകം സസ്യങ്ങളുണ്ടെങ്കിലും ഇവയുടെ എല്ലാം ഉദ്ഭവം ഒരൊറ്റ സസ്യത്തിൽ നിന്നാണ്. ഏകദേശം 4500 വർഷം പഴക്കമുള്ളതാണ് ഈ ഉദ്ഭവ സസ്യം.
പൊസീഡൺ റിബൺ വീട് അഥവാ പോസിഡോണിയ ഓസ്ട്രാലിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യമാണ് ഇത്. ഷാർക് ബേയിൽ സ്ഥിതി ചെയ്യുന്ന സസ്യങ്ങളെല്ലാം തന്നെ ജനിതകപരമായി ഒരേ സ്വഭാവം പുലർത്തുന്നതാണ്. മറ്റു കടൽപ്പല്ലുകൾ പ്രജനനം നടത്തുമ്പോൾ ഈ കടൽപ്പുല്ല് സ്വയം ക്ലോൺ ചെയ്താണ് ഇത്രയും വലിയ മേഖലയിൽ നിറഞ്ഞതെന്ന് ഗവേഷകർ പറയുന്നു. റൈസോം എന്ന താഴെക്കൂടിയുള്ള ഒരൊറ്റ തണ്ട് വഴിയാണ് ഈ പ്രജനനം നടക്കുന്നത്. ഓരോ വർഷവും നല്ലൊരളവ് കടൽപ്പുല്ല് ഷാർക് ബേയിൽ വ്യാപിക്കുന്നുണ്ട്. ചരിത്രകാലം മുതൽ അനുകൂലമായ സാഹചര്യങ്ങൾ നിലനിന്നതാണ് ഈ കടൽപ്പുല്ലിന്റെ ഇത്രയും വലിയ വ്യാപനത്തിവനു വഴിവച്ചതെന്ന് ഗവേഷകർ പറയുന്നു. മറ്റു ശല്യങ്ങളോപ്രതിബന്ധങ്ങളോ ഇവയ്ക്ക് ഏൽക്കാത്തപക്ഷം ഈ കടൽപ്പുല്ലുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ഇവല്യൂഷനറി ബയോളജിസ്റ്റായ എലിസബത്ത് സിൻക്ലെയർ പറയുന്നു.
കടലിലും, മറ്റ് ഉപ്പ് ജലാശയങ്ങളിൽ വളരുന്ന പുഷ്പിക്കുന്ന സസ്യങ്ങളെയാണ് കടൽപുല്ലുകൾ എന്നു് വിളിക്കുന്നതു്. നിണ്ടു് നേർത്ത ഇലകളാണു് ഇവക്കുള്ളതു്.അതിനാലാണു് കടൽപുല്ലുകളെന്നു് അറിയപ്പെടുന്നതു്. കരയിലെ പുല്ലുകൾ പോലെതന്നെ ഇവ കൂട്ടമായാണ് വളരുന്നു് പുൽത്തകിടികൾ ഉണ്ടാക്കുന്നു. പ്രകാശസംശ്ലേഷണം വഴി വളരുന്ന സസ്യങ്ങളായതിനാൽ ഇവ സൂര്യപ്രകാശം ലഭിക്കുന്ന ആഴത്തിലാണു് വളരുക. കടൽപരപ്പുകളിലും കടൽതീരത്തു് കെട്ടികിടക്കുന്ന വെള്ളത്തിലും ഇവ വളരും. വേരുകൾ ചെളിയിലോ,മണലിലോ ഉറപ്പിച്ചിരിക്കും.കടൽവെള്ളത്തിലൂടെ പരാഗണം നടത്തുന്ന ഇവയുടെ ജീവിതചക്രം മൊത്തം വെള്ളത്തിനടിയിലാണ്.