കൊച്ചി, ജൂലൈ 16, 2024: അപകടങ്ങളിലും മറ്റും കൈകൾ നഷ്ടമായവർക്ക് ആശ്വാസമേകുന്ന പുതിയ സേവനത്തിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി. ലോകപ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ചാണ് കൈകൾ മാറ്റിവെയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഹാൻഡ് ട്രാൻസ്പ്ലാന്റിന് വേണ്ട അത്യാധുനിക സംവിധാനങ്ങളാണ് ആസ്റ്റർ മെഡ്സിറ്റിയിൽ ഒരുക്കിയിട്ടുള്ളത്. അപകടങ്ങളിൽ കൈകൾ നഷ്ടമാകുന്നവർക്ക് മാത്രമല്ല, അസുഖങ്ങളോ വൈകല്യങ്ങളോ കാരണം കൈകളുടെ ശേഷി നഷ്ടമാകുന്നവർക്കും പുതിയ സൗകര്യങ്ങൾ ഉപകാരപ്രദമാകും. “സ്പർശം – പ്ലാസ്റ്റിക് സർജറിയിലൂടെ ജീവിതങ്ങളെ തൊടുന്നു” എന്ന പേരിൽ നടത്തിയ പരിപാടിയിൽ ആസ്റ്റർ മെഡ്സിറ്റിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയരായി സുഖംപ്രാപിച്ച നിരവധിയാളുകൾ പങ്കെടുത്തു. റോഡപകടങ്ങളെയും തീപിടിത്തത്തെയും അതിജീവിച്ചവരായിരുന്നു അതിൽ ഏറെയും. പ്രശസ്‌ത സിനിമാതാരം കലേഷ് രാമാനന്ദ് ആണ് ഉദ്‌ഘാടനം നിർവഹിച്ചത്.
കാര്യങ്ങൾ മാറ്റിവെക്കുന്നത് വളരെ സങ്കീർണമായ ഒരു ചികിത്സാ പ്രക്രിയയാണ്. കൈകളുടെ ശേഷി വീണ്ടെടുക്കുന്നതിനൊപ്പം രോഗിയുടെ ജീവിതനിലവാരത്തെക്കൂടി ഉയർത്തുന്നതിലായിരിക്കും “ആസ്റ്റർ ഹാൻഡ് ട്രാൻസ്പ്ലാന്റിന്റെ” ലക്ഷ്യം.
ആധുനിക ശസ്ത്രക്രിയാരീതികൾ കൂടുതൽ മെച്ചപ്പെട്ടതോടെ, നഷ്‌ടമായ ചലനശേഷി വീണ്ടെടുക്കാൻ ആഗ്രഹിക്കുന്ന രോഗികൾക്ക് മുന്നിൽ ഇപ്പോൾ നിരവധി സാധ്യതകളുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പോൾ ജോർജ് പറഞ്ഞു. കാഴ്ച്ചയിൽ ഭംഗി കൂട്ടാൻ മാത്രമുള്ളതല്ല പ്ലാസ്റ്റിക് സർജറിയെന്നും, അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനും രോഗികളെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാനും അതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഗായകനും ഗിന്നസ് ലോക റെക്കോർഡ് ജേതാവുമായ കൊച്ചിൻ മൻസൂർ, രോഗികളുടെ ചികിത്സാഅനുഭവം വർണിക്കുന്ന ഒരു ഗാനവും ആലപിച്ചു.
ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധ ഡോക്ടർമാർ ആസ്റ്റർ ഹാൻഡ് ട്രാൻസ്‌പ്ലാന്റ് സർവീസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചു. പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, ആൻഡ് എസ്തെറ്റിക് സർജറി കൺസൽട്ടൻറ് ഡോ. ആശിഷ് എസ്. ചൗധരി, ഓർത്തോപീഡിക് സർജറി സീനിയർ കൺസൽട്ടൻറ് ഡോ. വിജയമോഹൻ എസ് എന്നിവർ സംസാരിച്ചു.
ചേരാനല്ലൂർ കൗൺസിലർ ബെന്നി ഫ്രാൻസിസ്, ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ആയ ഡോ. ദിലീപ് പണിക്കർ, ചീഫ് നേഴ്‌സിങ് ഓഫിസർ തങ്കം രാജരത്തിനം, പ്ലാസ്റ്റിക് സർജറി ടെക്‌നീഷ്യൻ തങ്കദുരൈ, ഡോക്ടർമാരായ അനന്തകൃഷ്ണ ഭട്ട് വി (പോഡിയാട്രി വിഭാഗം), മനോജ് സനപ് (പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ), മനോജ് പി നായർ (സീനിയർ കാർഡിയോ വാസ്കുലാർ തൊറാസിസ് സർജൻ), ജെം കളത്തിൽ (ഓങ്കോളജി സർജൻ), മയൂരി രജപുർക്കർ (ഹെഡ് ആൻഡ് നെക്ക് സർജറി), എന്നിവരും കാർക്കിനോസ് കേരളയുടെ സഹസ്ഥാപകനും മെഡിക്കൽ ഡയറക്ടറും സിഇഒയുമായ മോനി അബ്രഹാം കുര്യാക്കോസ് വീഡിയോ സന്ദേശത്തിലൂടെയും ആശംസകൾ അറിയിച്ചു.