ബംഗളൂരു: സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബിൽ സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. ഐ.ടി മേഖലയിൽനിന്ന് ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം. കൂടിയാലോചനകൾക്കുശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും മാനേജ്മെന്റ് തലത്തിൽ 50 ശതമാനം കന്നഡ സംവരണം, മാനേജ്മെന്റ് ഇതര തലത്തിൽ 70 ശതമാനം, താഴേത്തട്ടിലുള്ള ഗ്രൂപ്പ് സി, ഡി ജോലികളിൽ 100 ശതമാനം എന്നിങ്ങനെയാണ് ബില്ലിൽ സംവരണം നിർദേശിച്ചത്.
കർണാടകയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം അനുവദിക്കാനുളള സർക്കാർ നീക്കത്തിനെതിരെ കൂടുതൽ സംഘടനകളും സ്ഥാപനങ്ങളും രംഗത്തെത്തിയിരുന്നു. സർക്കാർ തീരുമാനം വ്യവസായ വളർച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്കോം (നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസസ് കമ്പനീസ്) പ്രതികരിച്ചു.
ജിഡിപിയുടെ 25 ശതമാനം ടെക് ഇൻഡസ്ട്രിയാണ് നൽകുന്നതെന്നിരിക്കെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കമ്പനികളെ ബെംഗളുരു വിടാൻ നിർബന്ധിതരാക്കുമെന്നും നാസ്കോം അഭിപ്രായപ്പെട്ടു. സോഫ്റ്റ്വെയർ, സർവീസ് കമ്പനികളുടെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നാസ്കോം. ഐടി കമ്പനികൾ കൂടുതലുളള ബെംഗളുരുവിൽ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്നാണ് സംഘടന സൂചിപ്പിക്കുന്നത്.