ഡൽഹി: നാല് ഗവേഷക വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാമിഅ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ പ്രൊഫസറെ സസ്പെൻഡ് ചെയ്തു. സെൻ്റർ ഫോർ ജവഹർലാൽ നെഹ്റു സ്റ്റഡീസ് കാമ്പസിൽ നടന്ന ഒരു പ്രഭാഷണത്തിനിടെ പ്രൊഫസർ തങ്ങൾക്കെതിരെ അപരിഷ്കൃതമായ ഭാഷ ഉപയോഗിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു.
ലൈംഗികാതിക്രമം, നിസ്സഹകരണം, അനാദരവ് കാണിക്കൽ, അച്ചടക്കമില്ലായ്മ, അപരിഷ്കൃതമായ ഭാഷ ഉപയോഗിക്കൽ തുടങ്ങി നിരവധി പരാതികളാണ് വിദ്യാർഥികള്‍ പ്രൊഫസര്‍ക്ക് നേരെ ഉന്നയിച്ചിട്ടുള്ളത്. ഇതിൽ ഒരു വിദ്യാർഥിക്ക് ഗവേഷണം അവസാനിപ്പിക്കേണ്ടി വന്നു.
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഒഫീഷ്യേറ്റിംഗ് വൈസ് ചാൻസലർ മുഹമ്മദ് ഷക്കീൽ അറിയിച്ചു. ആഭ്യന്തര പരാതി കമ്മിറ്റിക്ക് മുമ്പാകെ നൽകിയ പരാതിയിലാണ് നടപടി.
അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട പ്രൊഫസറെ ക്ലാസെടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ചീഫ് പ്രോക്ടർ ഓഫീസിൽ ഹാജർ രേഖപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സസ്പെൻഷൻ കാലയളവിൽ കോമ്പീറ്റൻ്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ പ്രൊഫസർ നഗരം വിടുന്നത് വിലക്കുമെന്നും ഉത്തരവിൽ പറയുന്നു.