തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തൊഴിലാളി ജോയിയുടെ മരണത്തിന് പിന്നാലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിളിച്ച അടിയന്തരയോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11.30 നാണ് ഓൺലൈനായി യോഗം ചേരുക.
മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് യോഗം. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം – റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം എൽ എമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
അതേസമയം ജോയിയുടെ കുടുംബത്തിന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. തിരുവനന്തപുരം കോര്‍പറേഷൻ ജോയിയുടെ മാതാവിന് വീടുവച്ചു നല്‍കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രനും വ്യക്തമാക്കി.