തിരുവനന്തപുരം: ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാലിൽ വെച്ചാണ് അന്ത്യം. രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നൽകി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് വിട പറഞ്ഞത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്. എംഎസ് പഠനം യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ. എഫ്ആർസിഎസ് കൂടി എടുത്തശേഷം തിരികെ നാട്ടിലേക്ക്. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) കുറച്ചു കാലം ജോലി ചെയ്തു. ജോലി കിട്ടിയപ്പോഴും പഠനം ഉപേക്ഷിച്ചില്ല. ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് ഉന്നതപഠനത്തിനായി ജോൺ ഹോപ്കിൻസ് അടക്കമുള്ള ഉന്നത വിദേശ സർവകലാശാലകളിലേക്ക് തിരികെപ്പോയി.
ശ്രീചിത്ര വിട്ട് മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ ഡോ. വല്യത്താൻ പിന്നീട് ആ വഴിയിൽനിന്ന് ആയുർവേദത്തിന്റെ ഗവേഷണത്തിലേക്കു കടന്നു. കോഴിക്കോട്ട് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിനു കീഴിൽ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും പരിശ്രമിച്ചു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനായിരുന്നു. പത്മവിഭൂഷൺ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികൾക്ക് അർഹനായി.