Investigation

തോക്കിന്‍ മുനയില്‍ വിറക്കുന്ന അമേരിക്ക ?: വെടിയുണ്ടയ്ക്കു മുമ്പില്‍ മരിച്ചവരും അതിജീവിച്ചവരും ഇവരോ ? /America trembling at the point of the gun?: These are the dead and survivors in front of the bullet?

അമേരിക്കയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പുകാലമാണ്. വാശിയേറിയ ചര്‍ച്ചകളും, പ്രകടനങ്ങളും, വാഗ്വാദങ്ങള്‍ക്കും വേദിയായിരകിക്കുന്നു. അതിനിടയിലാണ് മുന്‍ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ തലയക്കും ലക്ഷ്യം വെച്ചെങ്കിലും ചെവി മുറിച്ച് വെടിയുണ്ട കടന്നുപോയി. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തല്‍ക്ഷണം വെടിവെച്ചു കൊന്നു. എങ്കിലും അമേരിക്ക വീണ്ടും ഭീതിയുടെ നിഴലിലായിരിക്കുന്നു. തോക്കിന്‍ മുനയില്‍ വിറച്ചിരിക്കുകയാണ് അമേരിക്ക. കാരണം, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്നു മാത്രമല്ല, ട്രംപ് മുന്‍ പ്രസിഡന്റ് കൂടിയാണ്. അങ്ങനെയൊരാളെ നിറയൊഴിക്കാന്‍ പരസ്യമായി എത്തുമ്പോള്‍ അമേരിക്കയില്‍ മറ്റാര്‍ക്കാണ് സുരക്ഷിതത്വമുള്ളത്.

ഏറ്റവും അരക്ഷിതമായ കാലഘട്ടത്തിലൂടെയാണ് അമേരിക്ക കടന്നു പോകുന്നതെന്നു പറഞ്ഞാല്‍ തെറ്റാകില്ല. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുമ്പോള്‍ നിര്‍ഭയമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോലും അമേരിക്കയില്‍ കഴിയുന്നില്ല എന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. ഒരുപക്ഷെ, ട്രംപിന്റെ തലയ്ക്കാണ് വെടിയേറ്റതെങ്കിലോ ?. ട്രംപ് മരിച്ചിരുന്നെങ്കിലോ ?. എന്താകുമായിരുന്നു അമേരിക്കയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി. ട്രംപിന് നേരെ നടന്ന ആക്രമണം, അമേരിക്കയുടെ രാഷ്ട്രീയ അന്തരീക്ഷത്തെ ബാധിക്കുമോയെന്ന ആശങ്ക എല്ലാവരിലും ഉയര്‍ന്നിട്ടുണ്ട്.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ നിരവധി നേതാക്കള്‍ വധശ്രമത്തിന് ഇരയായിട്ടുണ്ട്. പ്രസിഡന്റിനും പ്രസിഡന്റ് സ്ഥാനാര്‍ഥിക്കും നേരെ അമേരിക്കയില്‍ വെടിവെയ്പ്പ് ഉണ്ടാകുന്നത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്തിന്റെ മനസമാധാനം തകര്‍ത്ത സംഭവമായിരിക്കുകയാണ്. എന്നാല്‍, ലോകമെമ്പാടും പ്രമുഖരായ പല നേതാക്കള്‍ക്കും സമാനമായ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ലോക ചരിത്രം പരിശോധിക്കുമ്പോള്‍ നേതാക്കള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും ഭരണമാറ്റങ്ങളുടെയും പരമ്പരകള്‍ തന്നെ കാണാന്‍ കഴിയും. റോമാ സാമ്രാജ്യവും ജൂലിയസ് സീസറിലും തുടങ്ങുന്നതാണ് ഈ പട്ടിക. ഹെന്റി നാലാമന് നേരെ പാരിസിലുണ്ടായ ആക്രമണവും മഹാത്മാ ഗാന്ധിയുമെല്ലാം ഈ നിരയില്‍ ഉള്‍പ്പെടുന്നവരാണ്.

അമേരിക്കയുടെ മാത്രം ചരിത്രം പരിശോധിച്ചാല്‍ നാല് പ്രസിഡന്റുമാര്‍ക്കാണ് തോക്കിന്‍ മുനയില്‍ ജീവന്‍ നഷ്ടപ്പട്ടത്. എബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ് കെന്നഡി, ജെയിംസ് ഗാര്‍ഫീല്‍ഡ്, വില്യം മക്കിന്‍ലി എന്നിവരാണ് വെടിയേറ്റ് മരിച്ച അമേരിക്കന്‍ പ്രസിഡന്റുമാര്‍. പല പ്രസിഡന്റ് സ്ഥാനാര്‍ഥികളും ട്രംപിനു സമാനമായി വധശ്രമത്തെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്.

എബ്രഹാം ലിങ്കണ്‍

അമേരിക്കയുടെ 16-ാമത്തെ പ്രസിഡന്റായ എബ്രഹാം ലിങ്കണാണ് യു.എസില്‍ വെടിയേറ്റു കൊല്ലപ്പെട്ട ആദ്യ പ്രസിഡന്റ്. 1865 ലായിരുന്നു ലോകത്തെ നടുക്കിയ ആ സംഭവം ഉണ്ടായത്. വാഷിങ്ടണിലെ ഫോഡ്‌സ് തിയേറ്ററില്‍ ഭാര്യ മേരി ടോഡിനൊപ്പം പരിപാടി കണ്ടു കൊണ്ടിരിക്കെ തലയ്ക്കു പിന്നില്‍ വെടിയേല്‍ക്കുകയായിരുന്നു. പിറ്റേന്നു രാവിലെ ലിങ്കണ്‍ മരിച്ചു. ആഫ്രോ-അമേരിക്കക്കാരുടെ അവകാശത്തിനു വേണ്ടി നിലകൊണ്ടതാണ് ലിങ്കന്റെ കൊലയ്ക്കു കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. ജോണ്‍ വില്‍ക്കിസ് ബൂത്ത് എന്നയാളാണ് എബ്രഹാം ലിങ്കണെ വെടിവെച്ചു കൊന്നത്. അക്രമത്തിനു ശേഷം ഒളിവിലായിരുന്ന ബൂത്തിനെ സംഭവം നടന്ന് 22 ദിവസത്തിനു ശേഷം പിടികൂടി വെടിവെച്ചു കൊല്ലുകയായിരുന്നു.

ജെയിംസ് ഗാര്‍ഫീല്‍ഡ്

അമേരിക്കയുടെ 20-ാമത്തെ പ്രസിഡന്റായിരുന്നു ജെയിംസ് ഗാര്‍ഫീല്‍ഡ്. 1881 ജൂലായ് രണ്ടിനാണ് അദ്ദേഹം ആക്രമിക്കപ്പെടുന്നത്. ന്യൂ ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കായി വാഷിങ്ടണിലെ റെയില്‍വേ സ്റ്റേഷനിലൂടെ നടക്കുമ്പോള്‍ നെഞ്ചില്‍ വെടിയേല്‍ക്കുകയായിരുന്നു. ചാള്‍സ് ഗിറ്റൗ എന്നയാളായിരുന്നു ആക്രമിച്ചത്. അവശനിലയില്‍ ചികിത്സയിലായിരുന്ന ഗാര്‍ഫീല്‍ഡ് രണ്ടു മാസത്തിനു ശേഷം അന്തരിച്ചു. ആറുമാസം മാത്രമാണ് പ്രസിഡന്റ് പദവിയില്‍ അദ്ദേഹത്തിന് ഇരിക്കാന്‍ കഴിഞ്ഞത്. ഗീറ്റൗവിന് 1882 ജൂണില്‍ വധശിക്ഷനല്‍കി.

വില്യം മക്കിന്‍ലി

അമേരിക്കയുടെ 25-ാമത്തെ പ്രസിഡന്റായിരുന്നു വില്യം മക്കിന്‍ലി. ന്യൂയോര്‍ക്കില്‍ പൊതുയോഗത്തില്‍ പ്രസംഗിച്ചശേഷം ആളുകള്‍ക്ക് കൈകൊടുത്തു നീങ്ങുമ്പോള്‍ മക്കിന്‍ലിയുടെ നെഞ്ചിലാണ് വെടിയേല്‍ക്കുന്നത്. 1901 സെപ്റ്റംബര്‍ ആറിനായിരുന്നു അക്രമണം. സെപ്റ്റംബര്‍ 14ന് അന്തരിച്ചു. കൊലയാളി ലിയോണ്‍ എഫ് ചോള്‍ഗോഷിനെ 1901 ഒക്ടോബര്‍ 29ന് വധശിക്ഷയ്ക്കു വിധേയനാക്കി.

ജോണ്‍ എഫ്. കെന്നഡി

1963 നവംബര്‍ 22നാണ് അമേരിക്കയുടെ 35-ാമത്തെ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെട്ടത്. ഭാര്യയ്‌ക്കൊപ്പം ഡാലസ് സന്ദര്‍ശിക്കുമ്പോഴായിരുന്നു വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ലീ ഹാര്‍വി ഓസ്വാള്‍ഡിനെ പോലീസ് അറസ്റ്റുചെയ്തു. രണ്ടുദിവസത്തിനു ശേഷം ജയിലില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഡാലസിലെ നിശാക്ലബ് ഉടമ ജാക്ക് റൂബി ഓസ്വാള്‍ഡിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.

തോക്കിനെ അതിജീവിച്ചവര്‍ 

അമേരിക്കന്‍ പ്രസിഡന്റുമാരില്‍ വധശ്രമത്തെ അതിജീവിച്ചവരുടെ പട്ടികയും നീളും. 32-ാമത്തെ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റിന് നേരെ 1933 ഫെബ്രുവരിയില്‍ മയാമിയില്‍ വെച്ചായിരുന്നു വധശ്രമം. റൂസ്വെല്‍റ്റ് രക്ഷപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന ഷിക്കാഗോ മേയര്‍ ആന്റണ്‍ സെര്‍മാക് മരണപ്പെടുകയായിരുന്നു. 33-ാമത്തെ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാന്‍ 1950ലാണ് വധശ്രമത്തെ അതിജീവിക്കുന്നത്. 38-ാമത്തെ പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡ് 1975ല്‍ 17 ദിവസത്തെ ഇടവേളയില്‍ രണ്ട് വധശ്രമങ്ങളെയാണ് അതിജീവിച്ചത്. കാലിഫോര്‍ണിയയിലെ സാക്രമെന്റോയിലായിരുന്നു ആദ്യത്തേത്.

രണ്ടാം വധശ്രമം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വെച്ചും. അമേരിക്കയുടെ 40-ാമത്തെ പ്രസിഡന്റ് റൊണാള്‍ഡ് റീഗന് നേരെ 1981 മാര്‍ച്ചില്‍ വാഷിങ്ടണ്‍ ഡിസിയില്‍ വെച്ചാണ് വധശ്രമമുണ്ടായത്. പ്രതി മനോരോഗിയായിരുന്നു. യുഎസിന്റെ 43-ാം പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു. ബുഷും അക്രമണത്തെ അതിജീവിച്ച യു.എസ് രാഷ്ട്രീയ നേതാക്കളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2005ല്‍ ജോര്‍ജിയന്‍ തലസ്ഥാനമായ ടിബിലിസിയില്‍വെച്ച് ഗ്രനേഡ് ആക്രമണമായിരുന്നു ബുഷിന് നേരിടേണ്ടി വന്നത്. അവസാനം ഡൊണാള്‍ഡ് ട്രംപിനു നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

 

CONTENT HIGHLIGHTS;America trembling at the point of the gun?: These are the dead and survivors in front of the bullet?

Latest News