ശുക്രനിൽ ജീവന്റെ സാധ്യതകളെ കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ വീണ്ടും ചർച്ചകൾ സജീവമാകുന്നു. ശുക്രനിലെ മേഘങ്ങളില്‍ രണ്ട് വാതകങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ജീവൻ നിലനിൽക്കാൻ പ്രപഞ്ചത്തിലെ ഏറ്റവും പ്രതികൂല കാലാവസ്ഥയുള്ളതെന്ന് ഗവേഷകർ കരുതുന്ന ശുക്രനിലെ ജീവന്റെ സാധ്യത സംബന്ധിച്ച് ചർച്ചകൾ വീണ്ടും സജീവമാകുന്നത്. ശുക്രനിലെ മേഘത്തിൽ കണ്ടെത്തിയ ഫോസ്ഫൈന്, അമോണിയ എന്നീ വാതകങ്ങളുടെ സാന്നിധ്യമാണ് പുതിയ ചർച്ചകളുടെ ആധാരം. ഫോസ്ഫൈന് ശുക്രനിലുണ്ടെന്നതിന് നേരത്തേ തന്നെ ഗവേഷകർക്ക് തെളിവുകൾ ലഭിച്ചിരുന്നു.
ബുധനാഴ്ച ഹളിൽ നടന്ന ദേശീയ ജ്യോതിശാസ്ത്ര യോഗത്തിലാണ് ശുക്രനിലെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച ചർച്ച നടന്നത്. ഇരുമ്പ് പോലും ഉരുക്കാന്‍ കഴിവുള്ളതും വിഷലിപ്തമായ അന്തരീക്ഷമുള്ളതുമായ ശുക്രനിലെ മേഘങ്ങളിലെ വാതക സാന്നിധ്യമാണ് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നത്. ശുക്രനില്‍ മുമ്പും ഫോസ്ഫൈന് സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ശുക്രനിലെ ഫോസ്ഫൈന്റെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
ഭൂമിയിൽ പ്രധാനമായും ജൈവ പ്രവർത്തനങ്ങളും വ്യാവസായിക പ്രക്രിയകളും വഴി ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് അമോണിയ. ശുക്രനില്‍ എന്തുകൊണ്ടാണ് അമോണിയയുടെ സാന്നിധ്യം എന്ന ഉത്തരത്തിലേക്ക് എത്താന്‍ ശാസ്ത്രജ്ഞന്മാര്ക്ക് ഇപ്പോള്‍ കഴിഞ്ഞിട്ടില്ല. ഈ ബയോസിഗ്നേച്ചര്‍ വാതകങ്ങള്‍ ശുക്രനിലെ ജീവന്റെ തെളിവായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കാനുമാവില്ല.
എങ്കിലും ചുട്ടുപഴുക്കുന്ന ശുക്രനില്‍ ജീവന്റെ ഏന്തെങ്കിലും അംശമുണ്ടോ എന്ന ചോദ്യം ശാസ്ത്രലോകത്ത് ആകാംക്ഷ സൃഷ്ടിക്കുന്നു. 450 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുപിടിക്കുന്ന ശുക്രന് ഭൂമിയേക്കാള്‍ 90 മടങ്ങ് ഉപരിതല മര്‍ദ്ദമുണ്ട്. അതിനാല്‍ ശുക്രനിന്റെ ഉപരിതലത്തില്‍ ജീവന്റെ അംശമുണ്ടാകാന്‍ സാധ്യത കുറവാണ് എന്ന് കരുതപ്പെടുന്നു. എന്നാല്‍ പ്രതലത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ഉയരത്തിലെത്തിയാല്‍ ഭൂമിയിലേതിന് സമാനമായ സാഹചര്യങ്ങളാണ് ശുക്രനുള്ളത്. അതിനാല്‍ ഈ മേഘങ്ങളിലാവാം സൂക്ഷമജീവികളുടെ രൂപത്തില്‍ ചിലപ്പോള്‍ ജീവന്റെ ഏന്തെങ്കിലും അംശം ഒളിഞ്ഞിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞര്‍ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കരുതുന്നു.
content highlight: signs-of-phosphine-and-ammonia-in-clouds-of-venus