ധാക്ക : ബംഗ്ലാദേശിൽ ആളിപടർന്ന് സംവരണ വിരുദ്ധ പ്രക്ഷോഭം. പ്രതിഷേധക്കാർ ധാക്കയിലെ ദേശീയ ടിവി ആസ്ഥാനത്തിന് തീയിട്ടു. സംഘർഷം ശമിപ്പിക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ടിവിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധക്കാർ തീയിട്ടത്.
പ്രതിഷേധക്കാരുടെ ക്രൂരതകളെ അപലപിക്കാനും സമരക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നൽകാനാണ് ഷെയ്ഖ് ഹസീന ബിടിവി ആസ്ഥാനത്ത് എത്തിയത്. ധാക്കയിലെ ബിടിവിയുടെ ആസ്ഥാനത്തേക്ക് ഇരച്ചു കയറിയ വിദ്യാർത്ഥികൾ റിസപ്ഷൻ ബിൽഡിംഗിന് തീയിട്ടു. പിന്നാലെ പുറത്ത് പാർക്ക് ചെയ്തിരുന്ന ഡസൻ കണക്കിന് വാഹനങ്ങൾക്കും തീയിട്ടു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷപ്പെടുത്താനായത്. തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ലെന്നും ടിവി ആസ്ഥാനത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നതായും വൃത്തങ്ങൾ അറിയിച്ചു.
സംവരണ വിരുദ്ധ പ്രതിഷേധത്തെ അടിച്ചമർത്താൻ ബംഗ്ലദേശ് അധികൃതർ ഇന്റർനെറ്റ് സേവനങ്ങള്‍ വെട്ടിക്കുറച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ഏറ്റവും വലിയ രാജ്യവ്യാപക പ്രക്ഷോഭമാണിത്. 1971ല്‍ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് സര്‍ക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയുള്ള പുതിയ നിയമത്തിനെതിരെയാണ് യുവാക്കളും വിദ്യാർഥികളും സംഘടിച്ചത്. എന്നാൽ പ്രതിഷേധം വളരെപ്പെട്ടന്നു ജനകീയമാവുകയും രാജ്യത്തുടനീളം വ്യാപിക്കുകയുമായിരുന്നു. 170 ദശലക്ഷം വരുന്ന ജനസംഖ്യയിൽ അഞ്ചിലൊന്നു പേര്‍ക്കും ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്ത സാഹചര്യത്തിലാണു സർക്കാർ നടപടി.