ബംഗളൂരു : ബംഗളൂരുവിൽ സ്വകാര്യമാളിൽ മകന്റെയൊപ്പം മുണ്ട് ധരിച്ചെത്തിയയാൾക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ നടപടിയുമായി കർണാടക സർക്കാർ. ഏഴ് ദിവസത്തേക്ക് മാൾ അടച്ചിടാൻ ഉത്തരവിട്ടു. കർഷകനായ ഫക്കീരപ്പയ്ക്കാണ് മാഗഡി റോഡിലെ ജി.ടി. വേൾഡ് മാളിൽ പ്രവേശനം നിഷേധിച്ചത്. മാൾ ഉടമയ്ക്കും സെക്യൂരിറ്റി ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു.
സിനിമ കാണാനാണ് ഫക്കീരപ്പയും മകൻ നാഗരാജും മാളിൽ എത്തിയത്. എന്നാൽ, സുരക്ഷാജീവനക്കാരൻ തടഞ്ഞു. പാന്റ്സ് ഇട്ടാലേ പ്രവേശനം അനുവദിക്കൂവെന്ന് ജീവനക്കാരൻ പറഞ്ഞെന്നാണ് ആരോപണം. മുണ്ടുടുത്തവരെ മാളിൽ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് സുരക്ഷാ ജീവനക്കാരൻ പറയുന്നത് നാഗരാജ് ചിത്രീകരിച്ച വീഡിയോയിൽ വ്യക്തമാണ്. ചൊവ്വാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. ഇതേത്തുടർന്ന്, ബുധനാഴ്ച രാവിലെ മാളിനുമുന്നിൽ കന്നഡസംഘടനകളുടെയും കർഷകരുടെയും നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നു.
ഫക്കീരപ്പയെയുംകൊണ്ടായിരുന്നു പ്രതിഷേധക്കാരെത്തിയത്. ഇതിനിടെ മാൾ അധികൃതർ ഫക്കീരപ്പയോട് പരസ്യമായി മാപ്പുപറഞ്ഞശേഷം അദ്ദേഹത്തെ മാളിനകത്തുകയറ്റി ആദരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ മാളിനെതിരെ നടപടിയെടുത്തിരിക്കുന്നത്. മാൾ ഏഴ് ദിവസം അടച്ചിടാൻ നിർദേശം നൽകിയതായി നഗരവികസന മന്ത്രി ബൈരതി സുരേഷ് കർണാടക നിയമസഭയെ അറിയിക്കുകയായിരുന്നു.