മലപ്പുറം : എം.ഡി.എം.എ.യുമായി പിടിയിലായി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിക്കൊപ്പം മൂന്നാംപ്രതിയായിരുന്ന പെരുവള്ളൂർ സ്വദേശി പള്ളിയാളി ആബിദ് (35) വീണ്ടും എം.ഡി.എം.എ.യുമായി കഴിഞ്ഞദിവസം മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റിൽ പിടിയിലായി.
പരിശോധനയിൽ 79.482 ഗ്രാം എം.ഡി.എം.എ. ആബിദിൽനിന്ന് കണ്ടെടുത്തു. ബെംഗളൂരു-ബത്തേരി കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്യുമ്പോഴായിരുന്നു സംഭവം. വിവാദങ്ങൾ എറെയുണ്ടായിരുന്ന താനൂർ പോലീസ്‌സ്റ്റേഷൻ എം.ഡി.എം.എ. കേസ് വീണ്ടും ചർച്ചയാകുന്നു. താമിർ ജിഫ്രി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത് സംസ്ഥാനമാകെ വലിയ ചർച്ചയായിരുന്നു.
കേസിൽ അന്ന് പിടിയിലായ ആബിദ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ വിയോഗമുണ്ടായിട്ടുപോലും എം.ഡി.എം.എ. കച്ചവടം തുടർന്നുവെന്നാണ് ഇതു തെളിയിക്കുന്നത്.മയക്കുമരുന്ന് കച്ചവടം ചെയ്യുന്നവർ അത് ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ലെന്നും യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് കച്ചവടം തുടരുകയാണെന്നും അഭിപ്രായമുണ്ട്.താമിറിന്റെ മരണവുമായി ബന്ധപ്പെട്ട് എട്ടു പോലീസുകാരെ സസ്‌പെൻഡ്ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ നാലു പോലീസുകാർ പ്രതികളായിരുന്നു. പിന്നീട് കേസ് സി.ബി.െഎക്ക് കൈമാറിയിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.
കേസിൽ 10 മാസം സസ്‌പെൻഷനിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ആശിഷിന്റെ സാമൂഹികമാധ്യമത്തിലെ കുറിപ്പ് ഇതോടൊപ്പം വൈറലായിട്ടുണ്ട്. ആരെയും പേടിക്കാതെ എം.ഡി.എം.എ. കച്ചവടം ചെയ്യാമെന്ന ധൈര്യത്തിലാണ് മയക്കുമരുന്നുലോബിയെന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നു.