റായ്പൂർ: വീണ്ടും ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനം. അപകടത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മുദുവെണ്ടി പ്രദേശത്തെ വനമേഖലയിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. തിരച്ചിലിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ സൈനികർ അപകടനില തരണം ചെയ്തതായി ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.
മാവോയിസ്റ്റുകൾ കഴിഞ്ഞ ദിവസം നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ടാറെം പൊലീസ് സ്റ്റേഷൻ പരിധിയിലെ മന്ദിമർക വനമേഖലയിൽ രാത്രിയാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. സംസ്ഥാന ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹുവും കോൺസ്റ്റബിൾ സതേർ സിംഗുമാണ് വീരമൃത്യു വരിച്ചത്.