ബെംഗളൂരു : കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്ജുന് സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയില്‍ നിന്നുള്ള ജി.പി.എസ്. സിഗ്നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്ന സ്ഥലത്തുനിന്നാണെന്നതാണ് സംശയത്തിന് കാരണം. അര്‍ജുനെ കാണാനില്ലെന്ന് ബന്ധുക്കള്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായി മൂന്നാംദിവസവും തിരച്ചില്‍ തുടരുകയാണ്.
ജിപിഎസ് വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിൽ ലോറി കിടക്കുന്നതായാണ് കാണുന്നത്. ആരും സഹായിക്കാനില്ലാതെ നിസാഹായവസ്ഥയിലാണ് കുടുംബം. ഫോൺ ഇടയ്ക്കിടെ റിംഗ് ചെയ്യുന്നത് കുടുംബത്തിന് പ്രതീക്ഷയേകുന്നുണ്ട്. അർജുന്റെ രണ്ടാമത്തെ നമ്പർ ഇപ്പോൾ റിംഗ് ചെയ്യുന്നുണ്ടെന്ന് ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. എന്നാൽ പിന്നീട് വിളിച്ചപ്പോൾ നമ്പർ സ്വിച്ച് ഓഫായി. രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.
അർജുനെ കാണാതായ വിവരം അറിഞ്ഞപ്പോൾ വൈകിയെന്നും ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ ആരംഭിച്ചെന്നും ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാർ പറഞ്ഞു. കർണാടക ഗതഗാഗത മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.