പാക്കിസ്ഥാനില്‍ ആഭ്യന്തര രാഷ്ട്രീയം കലങ്ങി മറിയുകയാണ്. പി.ടിഐയും പി.എം.എല്‍.എന്നും തമ്മിലുള്ള പോരിന്റെ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇപ്പോള്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐയെ നിരോധിക്കാന്‍ തയ്യാറെടുക്കുകയാണ് ഭരണത്തിലിരിക്കുന്ന പി.എം.എല്‍.എന്‍. എന്നാല്‍, പി.ടി.ഐയുടെ ജനകീയത ഭയന്നാണ് നിരോധിക്കാനുള്ള വലിയ നീക്കത്തിലേക്ക് ഭരണ വര്‍ഗം കടന്നതെന്നാണ് പാക്കിസ്ഥാനിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പി.ടി.ഐ.യുടെ സമീപകാല നിയമപരമായ വിജയങ്ങളാണ് ഈ നീക്കത്തിന് തുടക്കമിട്ടതെന്നും നിരീക്ഷകര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും നല്‍കുകയെന്നാണ് വിലയിരുത്തല്‍.
ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന് ഖാന് സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫിനെ (പി.ടി.ഐ) നിരോധിക്കാനുള്ള പദ്ധതികള്‍ പാകിസ്ഥാന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ അസംബ്ലിയിലെ തന്റെ പ്രസംഗത്തിനിടെ രാജ്യത്തെ പ്രധാന പ്രതിപക്ഷമായ പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫിന്റെ (പി.ടി.ഐ) നേതൃത്വത്തിനോട് പറഞ്ഞത് ഇതാണ്. പാകിസ്ഥാന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം 76 വര്‍ഷത്തിനിടയില്‍ പരസ്പരം ഹസ്തദാനം ചെയ്യാന്‍ പോലും മടിക്കുന്ന ഒരു ഘട്ടത്തില്‍ എത്തിയിരിക്കുന്നു. രാജ്യത്തു നടക്കുന്ന ആഴത്തിലുള്ള രാഷ്ട്രീയ ഭിന്നതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ജൂലൈ 15ന്, വാര്‍ത്താ വിതരണ മന്ത്രി അത്താഉല്ല തരാര്‍ ഇസ്ലാമാബാദില് വാര്‍ത്താ സമ്മേളനം നടത്തിയാണ് പി.ടി.ഐ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം അക്രമാസക്തമായ പ്രതിഷേധത്തിന് പ്രേരിപ്പിച്ചതും രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്നുമുള്ള ആരോപണങ്ങളും പരിഗണിച്ചാണ് നീക്കം. ലഭ്യമായ എല്ലാ തെളിവുകളും പരിശോധിച്ച ശേഷം പി.ടി.ഐ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ട്ടിയെ നിരോധിക്കാന്‍ കേസുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് (പി.എം.എല്‍.എന്‍) ഗവണ്മെന്റിന്റെ പ്രഖ്യാപനം എതിരാളികളില്‍ നിന്ന് മാത്രമല്ല, സഖ്യകക്ഷികളില്‍ നിന്നും മനുഷ്യാവകാശ ഗ്രൂപ്പുകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പിന് ഇടയാക്കിയിരിക്കുകയാണ്. എന്തിന്, അമേരിക്ക പോലും ഈ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.
ഭരണസഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) നേതാക്കള്‍ പ്രഖ്യാപനത്തിന് മുമ്പ് തങ്ങളോട് കൂടിയാലോചിച്ചില്ലെന്ന് പരസ്യമായി പറഞ്ഞു. വാര്‍ത്താവിതരണ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞത്, ”പി.പി.പി സെനറ്റര്‍ സലീം മാന്ഡ്വിവല്ല മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തെ മുന്‍നിര അവകാശ സംഘടനയായ പാകിസ്ഥാന്റെ മനുഷ്യാവകാശ കമ്മീഷന് (HRCP) തീരുമാനത്തെ ‘രാഷ്ട്രീയ നിരാശ’ എന്നാണ് വിശേഷിപ്പിച്ചത്. ഭരണഘടനാ വിരുദ്ധമായ ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് എച്ച്.ആര്.സി.പി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നടപ്പാക്കിയാല്‍, അത് ധ്രുവീകരണത്തെ ആഴത്തിലാക്കുകയും രാഷ്ട്രീയ അരാജകത്വത്തിലേക്കും അക്രമത്തിലേക്കും നയിക്കുകയും ചെയ്യുമെന്നും കമ്മീഷന് പറയുന്നു.
നിരോധന പ്രഖ്യാപനത്തിനെതിരേ വിമര്‍ശനങ്ങളുടെ പെരുമഴ ഉണ്ടായതോടെ പി.എം.എല്‍.എന്‍ നേതൃത്വത്തിന് നടപടിയില്‍ നിന്നും പിന്നോട്ട് പോകേണ്ട അവസ്ഥയുണ്ടായിരിക്കുകയാണ്. ഭരണസഖ്യത്തിന്റെ സഖ്യകക്ഷികളുമായി കൂടിയാലോചിക്കാതെ അന്തിമ തീരുമാനം എടുക്കില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. പി.ടി.ഐ നിരോധിക്കാനുള്ള നിര്‍ദ്ദേശത്തിന് പിന്നില്‍ ഒന്നിലധികം ഘടകങ്ങളുണ്ട്. എന്നാല്‍, നിരോധിക്കാനുള്ള കാരണങ്ങള്‍ ആദ്യം ഞങ്ങളുടെ സഖ്യകക്ഷികളോട് അവതരിപ്പിക്കും. സമവായമുണ്ടായാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ട് പോകൂവെന്നാണ് ഇതേക്കുറിച്ച് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് മാധ്യമങ്ങളോടു പറഞ്ഞത്.
എന്തുകൊണ്ട് നിരോധനത്തിനുള്ള പദ്ധതികള്‍ ആദ്യം പ്രഖ്യാപിച്ചു ?
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഇമ്രാന്ഖാന് ജയിലില്‍ കഴിയുകയാണ്. പി.ടി.ഐയെ നിരോധിക്കാനുള്ള പദ്ധതി കഴിഞ്ഞയാഴ്ച സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സജീവമായി പരിഗണിക്കാന്‍ തുടങ്ങിയത്. ഇതിനു കാരണം, ദേശീയ, പ്രവിശ്യാ അസംബ്ലികളിലെ സംവരണ സീറ്റുകളുടെ വിഹിതത്തിന് അര്‍ഹതയുണ്ടെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള കോടതി വിധി പി.ടി.ഐക്ക് അനകൂലമായി വന്നു. ഇത് നിയമപരമായുള്ള വലിയ വിജയമായിരുന്നു പി.ടി.ഔക്ക് നല്‍കിയത്. മാത്രമല്ല, തിരഞ്ഞെടുപ്പ് ചിഹ്നം ഇല്ലെന്ന കാരണം കൊണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ഒരു പാര്‍ട്ടിയുടെ നിയമപരമായ അവകാശത്തെ ബാധിക്കില്ലെന്നും കോടതി വിധിച്ചു. കോടതി പി.ടി.ഐയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുകയും ചെയ്തു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് സംവരണ സീറ്റ് തര്‍ക്കം ഉടലെടുത്തത്. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ്, തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പി.ടിഐയുടെ ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ്, മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും പാര്‍ട്ടിയുടെ തലവനുമായ ഇമ്രാഖാന് ഒന്നിലധികം കേസുകളില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. തിരിച്ചടിയുണ്ടെങ്കിലും, പി.എം.എല്‍.എന്നിന്റെ 75, പി.പി.പിയുടെ 54 എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍, സ്വതന്ത്രമായി മത്സരിച്ച പി.ടി.ഐയുടെ സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ (93) നേടിയിരുന്നു. സുപ്രീം കോടതി വിധിക്ക് ശേഷം സംവരണ സീറ്റുകള്‍ കൂടി ചേര്‍ത്തതോടെ പി.എം.എല്‍.എന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഇനി രണ്ടുസീറ്റ് ഇല്ലാതാകും.
പാര്‍ലമെന്റില്‍ മൂന്നാം ഭൂരിപക്ഷ പാര്‍ട്ടിയാകും. അധികാരത്തില്‍ തുടരാന്‍ ഭരണഘടനാ ഭേദഗതികള്‍ ആവശ്യമായി വരികയും ചെയ്യും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ സര്‍ക്കാര്‍ തങ്ങളുടെ എതിരാളിയെ സാധ്യമായ വിധത്തില്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കും. പ്രത്യേകിച്ചും പി.ടി.ഐക്ക് കോടതികളില്‍ നിന്ന് ആശ്വാസം ലഭിച്ചതിനാല്‍ എന്നാണ് പാക്കിസ്ഥാനിലെ ഒരു രാഷ്ട്രീയ നിരീക്ഷകന് പറയുന്നത്. സൈനിക സ്വേച്ഛാധിപത്യത്തിനും സിവിലിയന്‍ ഭരണത്തിനും കീഴില്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ച ചരിത്രമാണ് പാകിസ്ഥാനുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുന്നതിന്റെ അവസാന രണ്ട് സംഭവങ്ങള്‍ നടന്നത് പി.ടി.ഐ സര്‍ക്കാരിന്റെ കീഴിലാണ് എന്നതാണ് വസ്തുത. സിന്ധി നാഷണലിസ്റ്റ് പാര്‍ട്ടിയായ ജെയ് സിന്ധ് ക്വാമി മഹാസ്-അരേസര് 2020 മെയ് മാസത്തില്‍ നിരോധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമാസക്തമായ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
പി.ടി.ഐ നിരോധിക്കുന്ന രണ്ടാമത്തെ കക്ഷി തീവ്ര വലതുപക്ഷ മത സംഘടനയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന് ആയിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ പ്രതിഷേധം അക്രമാസക്തമാവുകയും നിരവധി പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് 2021 മെയ് മാസത്തിലാണ് ഈ സംഘടനയെ നിരോധിച്ചത്. എന്നാല്‍, നിരോധനത്തിനെതിരേ കോടതിയില്‍ അപ്പീല്‍ നല്കി, അതേ വര്‍ഷം ഒക്ടോബറില്‍ നിരോധനം നീക്കുകയും ചെയ്തു. 2018 ഓഗസ്റ്റ് മുതല്‍ 2022 ഏപ്രില്‍ വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഇമ്രാന്ഖാന് പിന്നീട് രാജ്യത്തെ ശക്തമായ സൈനിക സ്ഥാപനത്തിനെതിരെ ആഞ്ഞടിച്ചു. തന്നെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയ എതിരാളികളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സൈന്യവുമായുള്ള കൊമ്പുകോര്‍ക്കല്‍.
മൂന്ന് പതിറ്റാണ്ടിലേറെയായി പാകിസ്ഥാനെ നേരിട്ട് ഭരിക്കുകയും രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കാര്യമായ സ്വാധീനം നിലനിര്‍ത്തുകയും ചെയ്ത സൈന്യം ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചു. തുടര്‍ന്ന് സൈനിക നീക്കത്തിലൂടെ ഇമ്രാന്‍ഖാനെ 48 മണിക്കൂറില്‍ താഴെ തടങ്കലില്‍ പാര്‍പ്പിച്ചു. ഇതോടെ കഴിഞ്ഞ വര്‍ഷം മെയ് 9ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തെത്തുടര്‍ന്ന് പി.ടി.ഐയെ അടിച്ചമര്‍ത്താന്‍ തുടങ്ങി. പി.ടി.ഐ അനുഭാവികള്‍ പൊതു സ്വത്തുക്കള്‍ നശിപ്പിക്കുകയും സൈനിക സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍ എന്നിവ തകര്‍ക്കുകയും ചെയ്തു. ആയിരക്കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും നൂറിലധികം പേരെ രഹസ്യ സൈനിക കോടതികളില്‍ വിചാരണ ചെയ്യുകയും ചെയ്തു.
2023 നവംബറില്‍ പാര്‍ട്ടി വിട്ട് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച മുന്‍ പി.ടി.ഐ സെക്രട്ടറി ജനറല്‍ അസദ് ഉമര്‍, പി.ടി.ഐയെ നിരോധിക്കാനുള്ള തീരുമാനം യാഥാര്‍ത്ഥ്യമാകില്ലെന്നാണ് വിശ്വസിക്കുന്നത്. പി.എം.എല്‍.എന്‍ നേതാക്കള്‍ പോലും പി.ടി.ഐയെ നിരോധിക്കുന്നതിനെക്കുറിച്ച് ഗൗരവമുള്ളവരാണെന്ന് കരുതുന്നില്ല. ഇത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും അദികാരത്തിന്റെ നാളുകള്‍ കൂട്ടുന്നിതനുമുള്ള തന്ത്രമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറയുന്നു. പാകിസ്ഥാന് ഭരണഘടന പ്രകാരം സുപ്രീം കോടതിക്ക് മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കാന്‍ കഴിയൂ എന്ന് ഭരണഘടനാ വിദഗ്ധന്‍ ഫൈസല്‍ ഫരീദ് ചൗധരി പറയുന്നു. സര്‍ക്കാരിന് ഒരു റഫറന്‍സ് ഫയല്‍ ചെയ്യാം, പക്ഷേ അന്തിമ വിധി സുപ്രീം കോടതിയില്‍ നിന്നായിരിക്കും.
കഴിഞ്ഞയാഴ്ചയാണ് കോടതി പി.ടി.ഐയെ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചത് എന്നത് ഓര്‍ത്തിരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. നിരോധനത്തിലേക്ക് നയിക്കുന്ന ആരോപണങ്ങളില്‍ സംസ്ഥാന പരമാധികാരത്തിന് എതിരായ നടപടികളുടെയോ വിദേശ ശക്തിയുമായുള്ള ഒത്തുകളിയുടെയോ തെളിവുകള്‍ ഉള്‍പ്പെടുത്തണമെന്നും ചൗധരി പറഞ്ഞു. ഈ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ പക്കല്‍ കാര്യമായ തെളിവുകളുണ്ടെന്ന് കരുതുന്നില്ല. സംവരണ സീറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാരിനെതിരെ വിധി പുറപ്പെടുവിച്ച ജുഡീഷ്യറിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടി മാത്രമാണിത്. ഈ തീരുമാനം പി.ടി.ഐയെ വിഷമത്തിലാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.ടി.ഐയെ നിരോധിക്കാനുള്ള നീക്കം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഇജാസ് മുന്നറിയിപ്പ് നല്കി. എന്നാല്‍, നിരോധനത്തിനായി സര്‍ക്കാര്‍ പി.ടി.ഐക്കെതിരെ ധാരാളം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഫെഡറല്‍ മന്ത്രി ആസിഫ് തറപ്പിച്ചു പറയുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള വിമര്‍ശനത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ഇത് പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യമാണ്. നമ്മുടെ ഭരണഘടനയ്ക്ക് അനുസൃതമായി, നമ്മുടെ ആഭ്യന്തര കാര്യങ്ങള്‍ക്കായി ഞങ്ങള്‍ എടുക്കുന്ന തീരുമാനത്തെക്കുറിച്ച് ആഗോള സമൂഹം എന്ത് പറയുന്നു എന്നത് പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു.
CONTENT HIGHLIGHTS; PMLN afraid of PTI?: What’s behind Imran Khan’s move to ban his party?