കണ്ണൂർ: കണ്ണൂരിൽ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർചികിത്സക്കായി കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്തു.
പരിയാരം സ്വദേശിയായ കുട്ടി ഇന്നലെ തൊട്ടടുത്ത വെള്ളച്ചാട്ടത്തിൽ കുളിച്ചിരുന്നു. ഇതാവാം രോഗകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടർ ചൂണ്ടിക്കാട്ടി.
അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക ജ്വരം എന്ന് ഡോക്ടർമാർ പറയുന്നു. കെട്ടിക്കിടക്കുന്ന ജലാശയത്തില്‍ കുളിക്കുമ്പോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്.