Ernakulam

സെല്‍ഫി എടുക്കുന്നതിനിടെ ഒന്നര ലക്ഷത്തിന്റെ ഫോണ്‍ കുളത്തില്‍ വീണു; മുങ്ങിയെടുത്ത് ഫയര്‍ഫോഴ്‌സ്

കൊച്ചി: കുളത്തില്‍ വീണ ഐ ഫോണ്‍ കണ്ടെടുത്ത് നല്‍കി ഫയര്‍ ഫോഴ്‌സ്. പട്ടിമറ്റം ഇരട്ടച്ചിറയിലാണ് സംഭവം. സെല്‍ഫിയെടുക്കുന്നതിനിടെയാണ് ഐ ഫോണ്‍ കുളത്തില്‍ വീണത്. 12 അടി താഴ്ചയും രണ്ടാള്‍ പൊക്കത്തില്‍ വെള്ളവുമുള്ള ചെളി നിറഞ്ഞ കുളത്തിലേക്കാണ് ഫോണ്‍ വീണത്.

പട്ടിമറ്റം സ്വദേശി ബേസില്‍ ജോണ്‍ എന്ന യുവാവിന്റെ ഫോണ്‍ ആണ് കുളത്തില്‍ വീണത്. ഐ ഫോണ്‍ 15 പ്രോമാക്‌സ് ആണ് കുളത്തിലേക്ക് വീണത്. വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കുളിയ്ക്കാനിറങ്ങിയപ്പോള്‍ സെല്‍ഫിയെടുക്കുന്നതിനിടെയാണ് ഫോണ്‍ കുളത്തില്‍ വീണത്.

തുടര്‍ന്ന് ബേസില്‍ പട്ടിമറ്റം അഗ്‌നി രക്ഷാനിലയത്തില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ എന്‍എച്ച് അസൈനാര്‍, ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെകെ ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നി രക്ഷാസേന എറണാകുളം ജില്ല സ്‌കൂബ മുങ്ങല്‍ വിദഗ്ദരായ എം അനില്‍കുമാര്‍, കെഎന്‍ ബിജു, എസ് സല്‍മാന്‍ ഖാന്‍, ജിത്തു തോമസ് എന്നിവരും ചേര്‍ന്ന് കുളത്തില്‍ നിന്നും ഐഫോണ്‍ മുങ്ങിയെടുക്കുകയായിരുന്നു.1, 50, 000 രൂപ വിലയുള്ളതാണ് ഫോണ്‍. ഫോണ്‍ കിട്ടിയതോടെ യുവാവ് സംഘത്തിന് നന്ദി പറയുകയും ചെയ്തു.