World

ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധം, ഉടൻ അവസാനിപ്പിക്കണം -അന്താരാഷ്ട്ര നീതിന്യായ കോടതി | Israel’s occupation of Palestine violates international law and must end immediately – International Court of Justice

ഹേഗ്: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഈ നടപടി ഉടൻ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി. ഫലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് പുറന്തള്ളുന്ന നടപടി അനുവദിക്കാനാവില്ല. കിഴക്കൻ ജറുസലേമിലെ ഇസ്രായേൽ അധിനിവേശം കാരണം ഫലസ്തീനികൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

15 അംഗ ജഡ്ജിമാരുടെ പാനൽ പുറപ്പെടുവിച്ച നിർദേശങ്ങൾ ഐ.സി.ജെ പ്രസിഡന്റ് നവാഫ് സലാം വായിച്ചു. വെസ്റ്റ് ബാങ്കിലും കിഴിക്കൻ ജെറുസ​ലേമിലുമുള്ള അധിനിവേശവും അനധികൃത കുടിയേറ്റവും പ്രകൃതി വിഭവങ്ങളും ചൂഷണവും ഭൂമിയുടെ മേൽ നിയന്ത്രണം സ്ഥാപിക്കലും ഫലസ്തീനികൾക്കെതിരായ വിവേചന നയങ്ങളുമെല്ലാം അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണ്. ഈ പ്രദേശങ്ങളിൽ പരമാധികാരം സ്ഥാപിക്കാൻ ഇസ്രായേലിന് അവകാശമില്ല.

ഫലസ്തീനികളുടെ സ്വയം നിർണ്ണയാവകാശത്തെ ഇസ്രായേൽ തടസ്സപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുകയുമാണെന്നും കോടതി വ്യക്തമാക്കി. ഇവിടങ്ങളിൽ അധിനിവേശം നടത്താൻ ഇസ്രായേലിന് മറ്റു രാജ്യങ്ങൾ സഹായം നൽകരുത്. അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമാണം അവസാനിപ്പിക്കണമെന്നും നിലവിലെ സെറ്റിൽമെന്റുകൾ ഉടൻ തന്നെ നീക്കണമെന്നും കോടതി നിർദേശിച്ചു.