കൊച്ചി : മൈക്രോസോഫ്റ്റ് ക്ലൗഡ് സേവനങ്ങളിലെ തകരാര്‍ മൂലം കൊച്ചി വിമാനത്താവളത്തില്‍ പന്ത്രണ്ട് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. ദുബായിയിലേക്കുള്ള വിമാനമുള്‍പ്പെടെ എട്ടു സര്‍വീസുകള്‍ വൈകി. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്ന നാല് എയര്‍ലൈനുകളുടെ ചെക്ക് ഇന്‍ സംവിധാനം തടസ്സപ്പെട്ടതാണ് കാരണം. വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധവുമുണ്ടായി. മറ്റ് സോഫ്റ്റ്വേറുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വിമാനത്താവളത്തിലെ ഡിജി യാത്രാ സൗകര്യത്തെയും കാര്‍ഗോ നീക്കത്തെയും തകരാര്‍ ബാധിച്ചില്ല.
വിദേശരാജ്യങ്ങളില്‍നിന്ന് ഡല്‍ഹി വഴി കേരളത്തിലേക്കുള്ള യാത്രക്കാരും ഡല്‍ഹി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കംപ്യൂട്ടറുകള്‍ ഷട്ട്ഡൗണ്‍ ആയതോടെ വിമാനത്താവളത്തിലെ ചെക്കിങ് ഉള്‍പ്പെടെ തടസപ്പെടുകയായിരുന്നു. മാന്വല്‍ രീതിയിലാണ് പലയിടത്തും ഇപ്പോള്‍ ചെക്കിങ് നടക്കുന്നത്. സ്പൈസ് ജെറ്റ്, ആകാശ എയര്‍, വിസ്താര എയര്‍, ഇന്‍ഡിഗോ സര്‍വീസുകളെല്ലാം പ്രതിസന്ധിയിലായിട്ടുണ്ട്. ബാങ്കിങ് മേഖലയെയും സ്റ്റോക്ക് എക്സ്ചേഞ്ചിനെയും വിന്‍ഡോസ് തകരാര്‍ സാരമായി ബാധിച്ചു.
ഇന്നലെ പുലര്‍ച്ചെയാണ് ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് എന്ന വിളിപ്പേരുള്ള എറര്‍ മെസേജ് കംപ്യൂട്ടറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാധാരണഗതിയില്‍ വന്‍കിട കമ്പനികള്‍ മാത്രം ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ്. വിന്‍ഡോസ് ഉപയോഗിക്കുന്ന വ്യക്തിഗത കംപ്യൂട്ടറുകളെ പ്രശ്നം ബാധിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കുമെന്നാണ് ക്രൗഡ്സ്ട്രൈക് സി.ഇ.ഒ ജോര്‍ജ് കുട്സ് പറഞ്ഞത്.