ലോകത്തിലെ ഏഴ് പുതിയ അദ്ഭുതങ്ങളും ഒപ്പം 35 രാജ്യങ്ങളും സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ… എങ്കിൽ അതിന് ഏറ്റവും നല്ല മാർഗം ഒരു ക്രൂയിസ് യാത്ര പോവുക എന്നതാണ്. അങ്ങനെ ഒരു കപ്പൽ യാത്രയ്ക്ക് അസമാര വേൾഡ് ക്രൂയിസ് നിങ്ങൾക്ക് അതിനുള്ള അവസരമൊരുക്കുന്നു. 2026 ജനുവരി 6-ന് പുറപ്പെടുന്ന 155 ദിവസത്തെ ക്രൂയിസിൽ മെക്‌സിക്കോയിലെ ചിചെൻ ഇറ്റ്‌സ, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമ, ഇന്ത്യയിലെ താജ്മഹൽ, പെറുവിലെ മച്ചു പിച്ചു, ഇറ്റലിയിലെ കൊളോസിയം എന്നിവിടങ്ങളും ചൈനയിലെ വൻമതിൽ, ജോർദാനിലെ പെട്രയുമടക്കം കുറേയേറെ സ്ഥലങ്ങളിലേക്കു നിങ്ങൾക്കു യാത്ര നടത്താം.
കപ്പൽ യാത്രയുടെ എല്ലാ മനോഹാരിതയും ആസ്വദിച്ചുകൊണ്ടുള്ള യാത്ര ആരംഭിക്കുന്നത് 2026 ആണെങ്കിലും ഇപ്പോൾ തന്നെ ബുക്കിങ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഈ ക്രൂയിസ് ഷിപ്പ് ഒന്നും രണ്ടുമൊന്നുമല്ല, 36 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്.155 ദിവസത്തെ യാത്രയ്ക്കിടെ 55 രാത്രികൾ നിങ്ങൾ വിവിധ രാജ്യത്തെ തുറമുഖങ്ങളിലായിരിക്കും താമസം എന്നതും ഈ യാത്രയുടെ പ്രത്യേകതയാണ് . ഈ സാഹസിക യാത്ര ആരംഭിക്കുന്നത് മിയാമിയിൽ നിന്നുമാണ്. തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് സഞ്ചരിക്കുന്നതിന് മുമ്പ് അതിഥികളെ ക്രൂയിസ് പനാമ കനാലിലൂടെ കൊണ്ടുപോകുന്നു. ഈസ്റ്റർ ദ്വീപിലേക്കും ഫ്രഞ്ച് പോളിനേഷ്യയിലേക്കും പോകുന്നതിനു മുമ്പ് ന്യൂസിലാൻഡിലേക്കും ഓസ്‌ട്രേലിയയിലേക്കും ഒന്ന് പോയിവരും ഈ കപ്പൽ സഞ്ചാരം. അടുത്തതായി വിയറ്റ്‌നാമും തായ്‌ലൻഡും ഉൾപ്പെടെയുള്ള ഏഷ്യയും അതിനു ശേഷം മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രയിൽ ഇന്ത്യയുമാണ്. സൂയസ് കനാലിലൂടെ സഞ്ചരിക്കുന്ന കപ്പൽ, ഗ്രീസ്, ഇറ്റലി, മൊണാക്കോ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് മെഡിറ്ററേനിയനിൽ അവസാന പാദം ആരംഭിക്കുന്നു. ഒടുവിൽ, യാത്ര ബാഴ്‌സലോണയിൽ സമാപിക്കുന്നു.
സെഗ്‌മെന്റുകളിലായി കപ്പൽ യാത്ര ബുക്ക് ചെയ്യാമെങ്കിലും നിങ്ങൾ ഫുൾ വേൾഡ് ക്രൂയിസ് ബുക്ക് ചെയ്യുകയാണെങ്കിൽ, $22,000 വരെ അധിക ആനുകൂല്യങ്ങൾ ലഭിക്കും. ആ ആനുകൂല്യങ്ങളിൽ ചിലത് തീരത്തെ ഉല്ലാസയാത്രകൾക്കായി $3,000 ക്രെഡിറ്റ്, രണ്ടുപേർക്കുള്ള പ്രീമിയം പാനീയ പാക്കേജ്, പ്രതിവാര അലക്കു സേവനം എന്നിവ ഉൾപ്പെടുന്നതാണ്. 2026 വേൾഡ് ക്രൂയിസ് യാത്ര സഞ്ചാരികൾക്ക് വൈവിധ്യമാർന്ന സംസ്കാരങ്ങളെക്കുറിച്ച് അറിഞ്ഞ്, ലോകത്തിലെ 7 അദ്ഭുതങ്ങൾ സന്ദർശിക്കാം. 2010 മുതൽ, അസമാര ക്രൂയിസ് യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ചെറിയ ക്രൂയിസ് കപ്പലുകളാണ് ഇവരുടെ പ്രത്യേകത. മറ്റ് വമ്പൻ ക്രൂയിസുകൾക്കു കയറാൻ കഴിയാത്ത ചെറു തുറമുഖങ്ങളിൽ പോലും അസമാരയുടെ കപ്പലുകൾ പ്രവേശിക്കും എന്നതിനാൽ മറ്റ് ക്രൂയിസുകൾക്കായി മാപ്പിൽ പോലും ഇല്ലാത്ത ലക്ഷ്യസ്ഥാനങ്ങളിലേക്കു സഞ്ചരിക്കാനുമാകും.