പാരീസ്: പാരീസ് ഒളിംപിക്സില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ചൈനയുടെ യങ് ഹഹാവോ. 11 വയസ്സാണ് പ്രായം. ചൈനയുടെ സ്‌കേറ്റ്ബോര്‍ഡിങ് ടീമിലാണ് യങ് ഹഹാവോ മത്സരിക്കുന്നത്. ജൂലായ് 26-നാണ് പാരീസ് ഒളിംപിക്‌സ് ആരംഭിക്കുക.
ഏഴാം വയസ്സിലാണ് യങ് ഹഹാവോ സ്‌കേറ്റ്ബോര്‍ഡിങ് തുടങ്ങിയത്. സ്‌കേറ്റ്‌ബോര്‍ഡിങ്ങില്‍ ഏഷ്യന്‍ ചാമ്പ്യനായ പിതാവ് നടത്തുന്ന ക്ലബില്‍ കളിച്ചുതുടങ്ങി. ഒരു നേരംപോക്കെന്ന വണ്ണമായിരുന്നു ഗെയിമിനായി ചെലവഴിച്ചിരുന്നത്. പക്ഷേ, ചെറുപ്രായത്തിലേ അസാമാന്യ മികവ് പുലര്‍ത്തിയതോടെ സ്‌കേറ്റ്ബോര്‍ഡിങ്ങിനെ ഗൗരവമായി സമീപിച്ചുതുടങ്ങി. തുടര്‍ന്ന് ഒന്‍പതാം വയസ്സില്‍ ദേശീയ ഗെയിംസില്‍ പങ്കെടുത്ത് 14-ാം സ്ഥാനം നേടി. തുടര്‍ന്നും വലിയ വിജയങ്ങള്‍ നേടിയതോടെ ഒളിംപിക്‌സ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അതേസമയം ഒളിംപിക്‌സിലെ എക്കാലത്തെയും പ്രായം കുറഞ്ഞ മത്സരാര്‍ഥി ദിമിത്രിയോ ലോന്‍ഡ്രാസ് ആണ്. 1896-ല്‍ ഒളിംപിക്സില്‍ പങ്കെടുക്കുമ്പോള്‍ 10 വിയസ്സും 218 ദിവസവുമായിരുന്നു പ്രായം. മത്സരത്തില്‍ ചൈനയുടെ സ്‌കേറ്റ്ബോര്‍ഡ് ടീം മെഡല്‍ നേടിയാല്‍ അത് റെക്കോഡ് സൃഷ്ടിക്കും. നിലവില്‍ ഡെന്‍മാര്‍ക്കിന്റെ ഇത് സൊറന്‍സനാണ് ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്സ് മെഡല്‍ ജേതാവ്. 1938-ല്‍ 12 വയസ്സും 24 ദിവസവും പ്രായമുള്ളപ്പോള്‍ നീന്തല്‍ വിഭാഗത്തില്‍ സൊറന്‍സന്‍ വെങ്കലം നേടിയിരുന്നു.