മലപ്പുറം : നിപ രോഗബാധിതനായ 14 കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സമ്പർക്കത്തിൽ ഏർപെട്ടവർ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് അധികൃതർ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്.
15 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചു. രോഗം ബാധിച്ച 14കാരൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. 14 കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങൾ. സാഹചര്യം വിലയിരുത്താൻ ഇന്ന് വീണ്ടും യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ 09.00 മണിക്കാണ് യോഗം നടക്കുക.
നിപ കേസ്
ജൂലൈ 10 – പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചു
ജൂലൈ 12 – പാണ്ടിക്കാട് സ്വകാര്യ ക്ലിനിക്കൽ ചികിത്സിച്ചു
ജൂലൈ 13 – പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
ജൂലൈ – 15 ന് ഇതേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അന്ന് തന്നെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി – തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടി അബോധാവസ്ഥയിലായി.
ജൂലൈ -19 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
ജൂലൈ – 20 സ്രവ സാമ്പിൾ ഫലം പോസിറ്റീവ് ആയി (മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു)
ഗുരുതരാവസ്ഥയിലായ കുട്ടി വെന്റിലേറ്ററിലാണ്. നിപ ബാധ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛൻ അമ്മ അമ്മാവൻ എന്നിവർ നിരീക്ഷണത്തിൽ. മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കോളേജിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആരോഗ്യ പ്രവർത്തകരടക്കം മുപ്പത് പേർ നിരീക്ഷണത്തിലാണ്. നിപ ബാധിതനായ കുട്ടിയുടെ സുഹൃത്തും പനി ബാധിച്ച് നിരീക്ഷണത്തിൽ. 15 പേരുടെ സാമ്പിളുകൾ പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. രാവിലെ മുതല്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.