കരിപ്പൂർ : കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചിയിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് തിരികെ പുറപ്പെട്ടിട്ടുണ്ട്. മൂന്ന് വിമാനങ്ങളാണ് കാലാവസ്ഥാ അനുകൂലമായതോടെ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. മറ്റു രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിൽ തുടരുകയാണ്.
അതേസമയം, വടക്കൻ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.