ലക്നൗ : വിദ്യാർത്ഥിയുടെ മർദ്ദനത്തെ തുടർന്ന് അധ്യാപകൻ ഗുരുതരാവസ്ഥയിൽ. ശാസിച്ച അദ്ധ്യാപകനെ സ്കൂളിന് പുറത്ത് വച്ച് ഏഴാം ക്ലാസുകാരൻ തല്ലിച്ചതക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ശ്രാവസ്തിയിലാണ് സംഭവം . സോൻവ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപകനാണ് മർദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത് .
ക്ലാസിലെ എല്ലാവരുടെയും മുന്നിൽ വെച്ച് അദ്ധ്യാപകൻ വിദ്യാർത്ഥിയെ രണ്ട് തവണ തല്ലിയതും , ശാസിച്ചതുമാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത് . മൊഹരനിയ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മനോഹർ ലാൽ ജവഹർ ലാൽ ഇൻ്റർ കോളേജിലെ അദ്ധ്യാപകനായ സുനിൽ കുമാർ ഗുപ്ത വ്യാഴാഴ്ചയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഫർമാൻ അലിയെ അടിച്ചത് .
സുനിൽ തന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ഫർമാൻ അദ്ദേഹത്തെ പിന്തുടരാൻ തുടങ്ങി. ഇതിനുശേഷം, വഴിയിൽ, ദികൗലി പാലത്തിന് സമീപമെത്തിയപ്പോൾ അദ്ധ്യാപകനെ വടികൊണ്ട് ആക്രമിച്ചു. അദ്ധ്യാപകൻ ബൈക്കിനൊപ്പം റോഡിൽ വീണു. വീണ് കിടന്ന അദ്ധ്യാപകനെ ഫർമാൻ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. അദ്ധ്യാപകൻ അബോധാവസ്ഥയിലാകുന്നതുവരെ മർദ്ദനം തുടർന്നു . അതുവഴി പോയ വഴിയാത്രക്കാരാണ് സുനിലിനെ രക്ഷിച്ചത് . സംഭവസ്ഥലത്ത് നിന്ന് വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടു.