വെളിച്ചെണ്ണയിൽ നല്ല മസാലകളെല്ലാം ചേർത്ത് വരട്ടിയെടുത്ത പോർക്കിന്റെ ടേസ്റ്റ്, ആഹാ! അതൊന്ന് വേറെ തന്നെയാണ്. കിടിലൻ സ്വാദിൽ തേങ്ങാ കഷ്ണങ്ങളെല്ലാം ചേർത്ത് തയ്യാറാക്കിയ ഒരു പോർക്ക് വരട്ടിയതിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- പന്നിയിറച്ചി – കൊഴുപ്പ് കുറഞ്ഞ 500 ഗ്രാം (കഷ്ണങ്ങളാക്കിയത്)
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- തേങ്ങ കഷണങ്ങൾ – 1/4 കപ്പ്
- വെള്ളം
- ഉപ്പ്
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- ചെറിയ ഉള്ളി – 10-12 എണ്ണം ചെറുതായി അരിഞ്ഞത്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂൺ
- പച്ചമുളക് – 3 എണ്ണം
- കറിവേപ്പില – 2 തണ്ട്
- മല്ലിയില – 1 തണ്ട്
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- കറുവപ്പട്ട – 1 ചെറിയ കഷണം
- ഗ്രാമ്പൂ – 3 എണ്ണം
- പെരുംജീരകം / മധുര ജീരകം – 1/4 ടീസ്പൂൺ
- ഇറച്ചി മസാല – 1 ടീസ്പൂൺ (ഞാൻ നിറപറ ഇറച്ചി മസാല പൊടിയാണ് ഉപയോഗിച്ചത്)
തയ്യാറാക്കുന്ന വിധം
പന്നിയിറച്ചി കഷണങ്ങൾ മഞ്ഞൾപ്പൊടി, ഉപ്പ്, തേങ്ങാ കഷണങ്ങൾ എന്നിവ ആവശ്യത്തിന് വെള്ളത്തോടൊപ്പം പ്രഷർ വേവിക്കുക. 2 വിസിൽ വരെ വേവിക്കുക. ആവി ഒഴിഞ്ഞു കഴിഞ്ഞാൽ പ്രഷർ കുക്കർ തുറക്കുക. പന്നിയിറച്ചി കഷണങ്ങൾ നന്നായി വേവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഇനി ഒരു പാനിൽ എണ്ണ ചൂടാക്കുക. ചെറിയ ഉള്ളി ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ ഓരോന്നായി ചേർത്ത് നന്നായി വഴറ്റുക. ഇനി കുരുമുളക് പൊടി, കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം/ മധുര ജീരകം, ഇറച്ചി മസാല എന്നിവ ചേർക്കുക. കുറച്ച് വെള്ളം തളിച്ച് മണം വരുന്നത് വരെ വഴറ്റുക. വേവിച്ച പന്നിയിറച്ചി ചേർക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക. 5 മുതൽ 10 മിനിറ്റ് വരെ ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക, എണ്ണ വേർപെടുത്തുക. എരിവുള്ള സ്വാദിഷ്ടമായ പോർക്ക് വരട്ടിയത്തു തയ്യാർ.