മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന ശക്തിയായ മഴ ജനജീവിതം ദുസ്സഹമാക്കി. പലയിടത്തും പൊതുഗതാഗതം തടസ്സപ്പെട്ടു, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ രാവിലെ മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുംബൈയിലെ ജനവാസ മേഖലകളിൽ, പ്രത്യേകിച്ച് ദാദർ, വർളി, പരേൽ, മാട്ടുംഗ, മാഹിം, പ്രഭാദേവി എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ട് രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് മഴവെള്ളം കയറി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട് ചെയ്യുന്നു.
അന്ധേരി സബ്‌വേ അടച്ചു, ദാദർ ഈസ്റ്റ്, മറൈൻ ഡ്രൈവ്, ലോവർ പരേൽ പ്രദേശങ്ങളിൽ വെള്ളക്കെട്ടിനെ തുടർന്ന് ഈ മേഖലയിലെ ഗതാഗതം താറുമാറായി. മുംബൈ വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെത്തുടർന്ന് അമൃത്സറിൽ നിന്ന് മുംബൈയിലേക്കുള്ള ഫ്ലൈറ്റ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിട്ടതായി വിസ്താര എയർലൈൻസ് അറിയിച്ചു. മുംബൈ, റായ്ഗഡ്, താനെ, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
താനെ, മുംബൈ, പാൽഘർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന്-നാല് മണിക്കൂറിനുള്ളിൽ ശക്തമോ അതിശക്തമോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുംബൈയിലെ തുടർച്ചയായ മഴ കണക്കിലെടുത്ത് തീരപ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാനും അത്യാവശ്യമെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങാനും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാനുമാണ് മുംബൈ പോലീസ് നിർദ്ദേശം.