ധാക്ക: ബംഗ്ലദേശിനെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭത്തിന് കാരണമായ വിവാദ സംവരണ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് തളളി. സർക്കാർ ജോലികളിൽ നിയമനം 93 ശതമാനവും മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് പരമോന്നത കോടതി ഉത്തരവിട്ടു.
93 ശതമാനം സർക്കാർ ജോലി മെറിറ്റിൽ നൽകാനും ബാക്കി ഏഴ് ശതമാനം സംവരണം ഏർപ്പെടുത്താനും സുപ്രീം കോടതി ഉത്തരവിട്ടു. ഏഴ് ശതമാനത്തിൽ അഞ്ച് ശതമാനം സംവരണം ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നൽകും. ബാക്കി രണ്ട് ശതമാനം സംവരണം പിന്നാക്ക, ലൈംഗിക ന്യൂനപക്ഷ, ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകും.
1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പോരാളികളുടെ പിന്മുറക്കാർക്ക് 30 ശതമാനം ഉൾപ്പെടെ മൊത്തം 56 ശതമാനം സംവരണമാണ് രാജ്യത്ത് വിവിധ വിഭാഗങ്ങൾക്കായി നിലവിലുള്ളത്. 2018ൽ ശൈഖ് ഹസീന സർക്കാർ സംവരണ ക്വോട്ട സംവിധാനം എടുത്തുകളഞ്ഞിരുന്നെങ്കിലും കഴിഞ്ഞ മാസം കീഴ് കോടതി പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ രാജ്യവ്യാപകമായി തെരുവിലിറങ്ങിയത്. സംവരണം റദ്ദാക്കിയെങ്കിലും തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞു.
സംവരണം നടപ്പിലാക്കാൻ ഉത്തരവിട്ടതിന് പിന്നാലെ വലിയ പ്രക്ഷോഭമാണ് ബംഗ്ലാദേശ് കണ്ടത്. നൂറോളം പേരാണ് ഇതുവരെ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. രാജ്യത്ത് മുഴുവൻ സമയ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭം അനിയന്ത്രിതമായതോടെയാണ് ഇപ്പോൾ സുപ്രീം കോടതിയുടെ ഇടപെടൽ.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുന്നതുവരെ തെരുവിലുണ്ടാവുമെന്നും നിലവിലെ അക്രമ സംഭവങ്ങളുടെ ഉത്തരവാദി ഷെയ്ഖ് ഹസീനയാണെന്നുമാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്. ജയിലിലടച്ച വിദ്യാർഥികളെ വിട്ടയക്കുക, പ്രക്ഷോഭം അടിച്ചമർത്താൻ ഉത്തരവിട്ട ഉദ്യോഗസ്ഥർ രാജിവെക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. ഇന്റർനെറ്റ് വിലക്കിയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടും കർഫ്യു പ്രഖ്യാപിച്ചുമാണ് പ്രക്ഷോഭത്തെ സർക്കാർ നേരിടുന്നത്. ശനിയാഴ്ചയോടെ സൈന്യത്തെ വിന്യസിച്ച് ജനം പുറത്തിറങ്ങിയാൽ വെടിവെക്കുമെന്ന് ഉത്തരവിറക്കി. എന്നാൽ, ജയിൽ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ചും സർക്കാർ ടെലിവിഷൻ ആസ്ഥാനം തീയിട്ടും പ്രക്ഷോഭം കനപ്പിച്ച വിദ്യാർഥികൾ പിൻമാറില്ലെന്ന നിലപാടിലായിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതി ഇടപെടൽ.