Sports

ശ്രീലങ്കന്‍ പര്യടനം; സായിരാജ് ബഹുതുലെ ഇന്ത്യന്‍ ടീമിന്‍റെ താല്‍ക്കാലിക ബൗളിങ് കോച്ച്‌

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പര്യടനത്തിന് പുറപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ താല്‍ക്കാലിക ബൗളിങ് കോച്ച് മുന്‍ സ്പിന്നര്‍ സായിരാജ് ബഹുതുലെ ചുമതലയേറ്റു. 1997 മുതല്‍ 2003 വരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് 51 കാരനായ ബഹുതുലെ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനായി ചുമതലയേറ്റ മുന്‍ താരം ഗൗതംഗംഭീറിന്റെ താല്‍പര്യ പ്രകാരം ദക്ഷിണാഫ്രിക്കയുടെ മോണ്‍ മോര്‍ക്കലിനെ ബിസിസിഐ പരിഗണിക്കുന്നുണ്ട്. പക്ഷെ വ്യക്തിപരമായ തിരക്കുകള്‍ കാരണം ഉടനെ നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മോര്‍ക്കലിന്റെ സേവനം ലഭ്യമാകില്ല. ഇതേ തുടര്‍ന്നാണ് ബഹുതുലെയെ താല്‍ക്കാലിക ബൗളിങ് പരിശീലകനാക്കിയതെന്ന് ബിസിസിഐ വ്യക്തമാക്കി.

അടുത്ത ശനിയാഴ്ചയാണ് ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരം. മൂന്ന് വീതം മത്സരങ്ങളടങ്ങിയ ഏകദിന, ട്വന്റി20 പരമ്ബരകളടങ്ങിയ ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം തിരിച്ചെത്തുന്ന ഇന്ത്യന്‍ ടീമിലേക്ക് മോണ്‍ മോര്‍ക്കലിനെ എത്തിക്കാനുള്ള ശ്രമമാണ് ബിസിസിഐ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ സിഡ്‌നിയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ മോര്‍ക്കലിനെ ഭാരതത്തിലെത്തിക്കുന്നതിന് ചിലവ് കൂടുതലാണ്. എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷം വേണം അന്തിമ തീരുമാനത്തിലെത്താന്‍. സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ബംഗ്ലാദേശിനെതിരെ നാട്ടില്‍ ടെസ്റ്റ്, പരിമിത ഓവര്‍ പരമ്ബരകള്‍ നടക്കാനിരിക്കുകയാണ്. അതിന് മുമ്ബ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ബിസിസിഐ പറയുന്നു.