ബെംഗളൂരു : ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നതിനാൽ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടനും രേണുക സ്വാമി കൊലക്കേസ് പ്രതിയുമായ ദർശൻ ബംഗളൂരു മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ജയിൽ ഭക്ഷണം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ശരീരഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നൽകിയത്.
കിടക്കയും ധരിക്കാൻ ഇഷ്ടപ്പെട്ട വസ്ത്രവും അനുവദിക്കണമെന്നും ദർശൻ അഭിഭാഷകൻ മുഖേന നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച കോടതി ദർശന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. അപേക്ഷയിൽ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. ഹൈകോടതി നിർദേശമനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. ഹൈകോടതിയിൽ ദർശൻ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ അനുമതി നൽകിയത്.
ഈ മാസം 26നകം അപേക്ഷയിൽ തീരുമാനമെടുക്കാൻ മജിസ്ട്രേറ്റിനോടാവശ്യപ്പെടുകയും ചെയ്തിരുന്നു. താരാരാധകൻ കൂടിയായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജൂൺ 11ന് അറസ്റ്റിലായ ദർശൻ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാന്‍ഡില്‍ കഴിയുകയാണ്.