മണ്ണിനടിയിൽ അര്‍ജുനായുള്ള തെരച്ചിലില്‍ നിര്‍ണായക വിവരം. ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍ ലഭിച്ചിരിക്കുന്നത്. അല്‍പസമയത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നല്‍ ലഭിച്ചത്.
രണ്ട് റഡാറുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് പരിശോധന. തെരച്ചില്‍ നിര്‍ണായക സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. വിശ്വസനീയമായ സിഗ്നലാണ് ലഭിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റിനകം തന്നെ സ്ഥിരീകരണം ഉണ്ടാകും. സിഗ്നല്‍ ലഭിച്ച ഭാഗത്ത് പരിശോധന നടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണ്. ആശങ്കയായി മണ്ണിടിച്ചില്‍ ഭീഷണിയുമുണ്ട്.
മണ്ണിടിച്ചിലുണ്ടായി ഒരാഴ്ചയായിട്ടും അര്‍ജുന്റെ ലോറിയോ അര്‍ജുനെയോ കണ്ടെത്താനാകാത്ത അനിശ്ചിതത്വത്തിന് ഇന്നത്തെ തിരച്ചിലോടെ പരിസമാപ്തിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രിയപ്പെട്ടവര്‍.
ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിയിരുന്നു.