തൃശൂർ : റെയിൽവേ പാലത്തിലൂടെ നടന്ന നാലുപേർ ചാലക്കുടി പുഴയിൽ വീണതായി വിവരം. ഒരാൾ ട്രെയിൻതട്ടി പുഴയിൽ വീണുവെന്നും മറ്റ് മൂന്നുപേർ ചാടിയെന്നും ലോക്കോ പൈലറ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പുഴയിൽ തെരച്ചിൽ തുടങ്ങി. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്.
പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ ചാടിയവരെ കണ്ടത്താനായില്ലെന്നാണ് വിവരം. ചാലക്കുടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് സ്വർണ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ചിലർ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറയുന്നു. അതിൽ നാലുപേർ പുഴയുടെ ഭാഗത്തേയ്ക്ക് ഓടിപ്പോയി. ഈ സമയം ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ട്രെയിൻ തട്ടി ഇവരിലൊരാൾ പുഴയിൽ വീണു.
പിന്നാലെ മൂന്നുപേർ പുഴയിലേയ്ക്ക് എടുത്തുചാടി. ഇക്കാര്യം ലോക്കോ പൈലറ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. പുഴയിലേയ്ക്ക് തന്നെയാണോ ചാടിയതെന്ന് ലോക്കോ പൈലറ്റിന് വ്യക്തതയില്ലെന്നും വിവരമുണ്ട്. ആരൊക്കയാണ് പുഴയിൽ ചാടിയതെന്ന വിവരം ലഭ്യമായിട്ടില്ല. ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.