നടൻ ബൈജു എഴുപുന്നയുടെ മകളുടെ വിവാഹനിശ്ചയത്തിന് സർപ്രൈസായി മമ്മൂട്ടി എത്തി. സംവിധായകനും മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് ബൈജു എഴുപുന്ന. ഇദ്ദേഹത്തിന്റെ മകൾ അനീറ്റയുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞദിവസം. സ്റ്റെഫാൻ ആണ് വരൻ. ഈ ചടങ്ങിലേക്ക് സർപ്രൈസായി എത്തി ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. ‘‘ബൈജുവിന്റെ കുടുംബവുമായി ഏറെ അടുത്തബന്ധമുള്ളവരാണ് തങ്ങൾ എന്ന് നടൻ ടിനി ടോം പറഞ്ഞു. അതുകൊണ്ടുതന്നെ സെലിബ്രിറ്റി ആയിട്ടല്ല ഇവിടെ നിൽക്കുന്നത്. സ്ഥിരമായി ഭക്ഷണം കഴിക്കുന്ന വീടാണിത്. ബൈജു ചേട്ടന്റെ മകളുടെ വിവാഹമായെന്ന് ചിന്തിക്കാൻ പറ്റുന്നില്ല. സിനിമയുടെ തുടക്കകാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേതെന്നും ടിനി ടോം പറഞ്ഞു.
‘‘എന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ബൈജു ചേട്ടൻ. ശരിക്കുമുള്ള സൗഹൃദം എന്തെന്ന് മനസ്സിലാക്കി തന്ന ഒരാള് കൂടിയാണ് ബൈജു എഴുപുന്ന. ഞാനിന്ന് പളളിയിൽ പോയി ബൈജു ചേട്ടനും കുടുംബത്തിനും വേണ്ടി പ്രാർഥിച്ചു. ഇങ്ങനെയൊരു വേദിയിൽ എന്നെയും ക്ഷണിച്ചതില് വളരെ സന്തോഷമുണ്ട്.’’–ബാലയുടെ വാക്കുകൾ.
നിരവധി മലയാളചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച ബൈജു എഴുപുന്ന 2001-ൽ സുരേഷ് ഗോപിയെ നായകനാക്കി സുന്ദരപുരുഷൻ എന്ന ചിത്രം നിർമിച്ചിരുന്നു. 2013-ൽ മുൻ മിസ് ഇന്ത്യ പാർവതി ഓമനക്കുട്ടനെ നായികയാക്കി കെ.ക്യു എന്ന ചിത്രം സംവിധാനംചെയ്യുകയും ചെയ്തിരുന്നു.
നിർമാതാവ് ആന്റോ ജോസഫിനൊപ്പം ചടങ്ങിനെത്തിയ മമ്മൂട്ടി വധൂവരന്മാരെ ആശീർവദിച്ചു. രമേശ് പിഷാരടി, ആന്റോ ജോസഫ്, ടിനി ടോം, ബാല, അബു സലിം, ലിസ്റ്റിൻ സ്റ്റീഫൻ, ഷീലു എബ്രഹാം തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ വിവാഹ നിശ്ചയത്തിന് അതിഥികളായി എത്തി. മന്ത്രി പി പ്രസാദും ചടങ്ങിനെത്തിയിരുന്നു.