അങ്കോല: കർണാടകയിലെ അങ്കോലയിൽ മണ്ണിടിഞ്ഞ് കാണാതായ അർജുനായി ഏഴാം ദിനം നടത്തിയ തിരച്ചിലും വിഫലം. മണ്ണിടിഞ്ഞ ഭാഗത്ത് ഇന്ന് നടത്തിയ തിരച്ചിലിൽ അർജുനിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതൽ ആരംഭിച്ച തിരച്ചിൽ വൈകീട്ടോടെ അവസാനിപ്പിച്ച് സൈന്യം ഷിരൂറിൽ നിന്ന് മടങ്ങും. ഇതോടെ കരയിലെ തിരച്ചിൽ അവസാനിപ്പിച്ചു.
നാളെ ഗംഗാവലി നദിയിലേക്ക് തിരച്ചിൽ വ്യാപിപിക്കുമെന്ന് കാർവാർ എം.എൽ.എ സതീഷ് സെയ്ൽ പറഞ്ഞു. വാഹനം പുഴയിലേക്ക് ഒഴുകി പോയതാണ് നിഗമനമെന്നും ആയതിനാലാണ് തിരച്ചിൽ പുഴയിലേക്ക് വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിൽ ശക്താക്കുന്നതിന്റെ ഭാഗമായി എൻ.ഡി.ആർ.എഫിന്റെ വിദഗ്ധ സംഘം നാളെ രാവിലെ സ്ഥലം സന്ദർശിക്കും.
റോഡിൽ ലോറി കുടുങ്ങിക്കിടക്കുകയാണെന്ന സംശയത്തിലാണ് ഇതുവരെ തിരച്ചിൽ നടത്തിയത്. എന്നാൽ 98 ശതമാനം മണ്ണും നീക്കിയിട്ടും അർജുന്റെ ലോറി കണ്ടെത്താൻ സാധിച്ചില്ല. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗാംഗാവാലി നദിയിലേക്ക് ലോറി പതിച്ചിട്ടുണ്ടാകുമെന്നാണ് സൈന്യം കരുതുന്നത്. അതിനാൽ ഇനി പുഴയിൽ തിരച്ചിൽ നടത്താനാണ് തീരുമാനം. മണ്ണിടിച്ചിലുണ്ടായ പുഴയിൽ ഡ്രെഡ്ജിങ് നടത്തും. പുഴയിൽ തിരച്ചിലിനായി എൻ.ഡി.ആർ.എഫ് സംഘം നാളെ എത്തും.
സ്കൂബ ഡൈവേഴേ്സ് സംഘമാണ് ഗംഗംഗാവലി പുഴയില്‍ തെരച്ചില്‍ നടത്തുന്നത്. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.
പുഴയിൽ രണ്ട് മണൽതിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് മണ്ണിടിച്ചിലിന്റെ ഭാഗമായി ഉണ്ടായതാകാം എന്നാണ് കരുതുന്നത്. ഇവ കേന്ദ്രീകരിച്ചും പരിശോധന നടത്തും. ആധുനിക സംവിധാനങ്ങളോട് കൂടിയ റഡാറുകളുൾപ്പെടെ എത്തിച്ചിട്ടുണ്ട്.
അതേസമയം അപകടം നടന്നതിന്റെ ഏഴു കിലോമീറ്റർ അകലെ പുഴയിൽ കൂടി ഒഴുകിപ്പോയ ടാങ്കറിന്റെ ദൃശ്യങ്ങളും ഇത് കരയ്ക്കടുപ്പിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് ദിവസങ്ങൾ മുമ്പുള്ള ദൃശ്യമാണ് ഇത്. മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഒഴുകിപ്പോയതാണെന്നാണ് ലഭിക്കുന്ന വിവരം.