കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗമുക്തി നേടി ആശുപത്രി വിട്ടു. പൂർണ ആരോഗ്യവാനായാണ് കോഴിക്കോട് മേലടി സ്വദേശിയായ അഫ്നാൻ ജാസിം വീട്ടിലേക്ക് മടങ്ങിയത്. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവ് ആയതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാൻ ഡോക്ടർമാർ തീരുമാനിച്ചത്.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് രോഗമുക്തി നേടിയ രാജ്യത്തെ ആദ്യത്തെ ആളാണ് അഫ്നാൻ. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിലാണ് രോഗമുക്തി. 97% മരണ നിരക്കുള്ള രോഗത്തിൽനിന്ന് കുട്ടിയെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും.
ആദ്യം ചെറിയ പനിയാണ് കോഴിക്കോട് മേലടി സ്വദേശിയായ അഫ്നാൻ ജാസിം എന്ന 14കാരന് അനുഭവപ്പെട്ടത്. അഫ്നാന് രോഗലക്ഷണം വന്ന സാഹചര്യത്തിന് മുന്നേ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തതിനാൽ സംസ്ഥാനം കനത്ത ജാഗ്രതിയിലായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്ന സാഹചര്യകൂടി ആയിരുന്നതിനാൽ മേലടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ രോഗ ലക്ഷണങ്ങൾ മസ്തിഷ്ക ജ്വരത്തിന്റേതാകാം എന്ന് സംശയം പ്രകടിപ്പിക്കുകയും അപകട സാധ്യതകൾ അറിയിക്കുകയും ചെയ്തു.
അന്നേ ദിവസം തന്നെ കുട്ടിയ്ക്ക് അപസ്മാരം ഉണ്ടാകുകയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമുണ്ടായി. കുട്ടിയ്ക്ക് വേണ്ടി ആരോഗ്യവകുപ്പ് മിൽറ്റെഫോസിൻ എന്ന മരുന്ന് പ്രത്യേകമായി എത്തിച്ച് നൽകുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തി.
അപൂർവരോഗം പിടിപെട്ട കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന അത്യപൂർവ നേട്ടം കൈവരിച്ചതിൽ ഏറെ അഭിമാനം ഉണ്ടെന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.
നേരത്തെ തന്നെ രോഗം നിർണയിക്കാൻ കഴിഞ്ഞതും ലഭ്യമായ ചികിത്സകൾ നൽകാൻ സാധിച്ചതുമാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സഹായകമായത്. ഡോ. അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഡോ. ഫെബിന റഹ്മാൻ, ഡോ. ഉമ്മർ ഡോ. സുദർശന, ഡോ പൂർണിമ, ഡോ. ഷാജി തോമസ് ജോൺ എന്നിവർ അടങ്ങിയ സംഘമാണ് കുട്ടിയെ ചികിത്സിച്ചത്.