ലോകത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യ അദ്ഭുതങ്ങളിലൊന്ന് കാണാൻ ആഗ്രഹമുണ്ടോ… എങ്കിൽ അതൊരു വിലക്കപ്പെട്ട നഗരമായാലോ… രാജാവിന് മാത്രം ഏത് സമയത്തും ഇറങ്ങിനടക്കാൻ സാധിച്ചിരുന്ന, മറ്റാർക്കും പ്രവേശമില്ലാത്ത ഒരു നഗരം. ഇങ്ങനെയൊരു സ്ഥലമുണ്ടായിരുന്നു പണ്ട് ചൈനയിൽ. ഇന്നിവിടം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. വിലക്കപ്പെട്ട നഗരം അഥവാ ഇംപീരിയൽ പാലസ് എന്നറിയപ്പെടുന്നയിടം ചൈനയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ഇംപീരിയൽ പാലസ് എന്നും അറിയപ്പെടുന്ന വിലക്കപ്പെട്ട നഗരം മിംഗ് രാജവംശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടമായും പിന്നീടുള്ള വർഷങ്ങളിൽ (1644-1912) ക്വിംഗ് രാജവംശത്തിന്റെ ഭരണസിരാകേന്ദ്രമായും പ്രവർത്തിച്ചു. ചക്രവർത്തി താമസിച്ചിരുന്ന സ്ഥലമായ സാമ്രാജ്യത്വ കൊട്ടാര സമുച്ചയം ആയതിനാലാണ് ഇതിനെ വിലക്കപ്പെട്ട നഗരം എന്ന് വിളിച്ചിരുന്നത്. വിലക്കപ്പെട്ട നഗരത്തിലേക്കുള്ള ഏതൊരു പ്രവേശനവും ശക്തമായി നിരീക്ഷിക്കുക മാത്രമല്ല, ഭൂരിഭാഗം പ്രജകളെയും കൊട്ടാര സമുച്ചയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ബെയ്ജിങ് നഗരത്തിന്റെ ഹൃദയഭാഗത്താണ്, ചൈനയിൽ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും അംഗീകൃത വാസ്തുവിദ്യാ സമുച്ചയങ്ങളിലൊന്നായ വിലക്കപ്പെട്ട നഗരം. ചക്രവർത്തി താമസിച്ചിരുന്ന സ്ഥലമായ സാമ്രാജ്യത്വ കൊട്ടാര സമുച്ചയം ആയതിനാലാണ് ഇതിനെ അങ്ങനെ വിളിച്ചത്. ചൈനീസ് സാമ്രാജ്യത്വ പാരമ്പര്യത്തിൽ, വിലക്കപ്പെട്ട നഗരത്തിലെ ഏക ഔദ്യോഗിക നിവാസിയായി ചക്രവർത്തി കണക്കാക്കപ്പെടുന്നു. ജനങ്ങളും മന്ത്രിമാരും പ്രഭുക്കന്മാരും പോലും അവിടുത്തെ വെറും സന്ദർശകരായിരുന്നു. ചക്രവർത്തിയുടെ സിംഹാസനം, അദ്ദേഹം നടത്തിയ വലിയ സദസ്, ജന്മദിനാഘോഷങ്ങൾ, സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കൽ തുടങ്ങിയ ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ മാത്രമാണ് ആളുകൾക്ക് അതും തിരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രം പ്രവേശനം അനുവദിച്ചിരുന്നത്. സാമ്രാജ്യകുടുംബത്തിലെ അംഗങ്ങൾക്കും പോലും കൊട്ടാര സമുച്ചയത്തിന്റെ പരിമിതമായ പ്രദേശങ്ങളിലേക്കു മാത്രം പ്രവേശനം അനുവദിച്ചു. കൊട്ടാര സമുച്ചയത്തിൽ സ്വതന്ത്രമായും ഏത് സമയത്തും ചുറ്റിക്കറങ്ങാൻ ചക്രവർത്തിക്കു മാത്രമേ കഴിയുമായിരുന്നുള്ളു.
എന്നാൽ വാസ്തുവിദ്യയ്ക്ക് യാതൊരു വിലക്കും ഇവിടെ ഏർപ്പെടുത്തിയിരുന്നില്ല. ഇംപീരിയൽ പാലസ് കാണുന്നയാരും ആദ്യം പറയുന്ന വാക്കുകൾ ഇതാകും. കാരണം ഇത്ര മനോഹരവും അതുപോലെ കൃത്യതയോടെയും അടുക്കും ചിട്ടയോടെയും ഒരു നഗരം പണിതിരിക്കുകയാണിവിടെ. 178 ഏക്കർ വീസ്തൃതിയിൽ പരന്നുകിടക്കുന്ന കൊട്ടാര സമുച്ചയം യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്. വിലക്കപ്പെട്ട കൊട്ടാരം അഞ്ച് നൂറ്റാണ്ടുകളായി അധികാരത്തിന്റെ കേന്ദ്രമായി നിലകൊണ്ടു. പരമ്പരാഗത ചൈനീസ് കൊട്ടാര വാസ്തുവിദ്യയുടെ അസാധാരണമായ ഉദാഹരണമാണ് ഫോർബിഡൻ സിറ്റി. ഏകദേശം 1,000 കെട്ടിടങ്ങളുണ്ട് ഇതിനുള്ളിൽ. ഇത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ കൊട്ടാര സമുച്ചയമായി കണക്കാക്കുന്നു. മരത്തടികൾ, സങ്കീർണ്ണമായ കൊത്തുപണികൾ, വ്യതിരിക്തമായ മഞ്ഞ-ഗ്ലേസ്ഡ് മേൽക്കൂര ടൈലുകൾ എന്നിവ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
ഒരിക്കൽ ആർക്കും പ്രവേശമില്ലാതിരുന്ന, ഒന്ന് കാണാനോ, അകത്തേക്കു കയറാനോ അനുമതിയില്ലാതിരുന്ന വിലക്കപ്പെട്ട നഗരത്തിലേക്ക് ഇന്ന് എല്ലാവർക്കും സ്വാഗതമരുളുകയാണ് ചൈന. പരമ്പരാഗത ചൈനീസ് പെയിന്റിങ്ങുകൾ, കാലിഗ്രാഫി, സെറാമിക്സ്, വെങ്കല പ്രതിമകൾ എന്നിവയുൾപ്പെടെയുള്ള ചൈനീസ് കലകളുടെയും സാംസ്കാരിക വസ്തുക്കളുടെയും അവിശ്വസനീയമാം വിധം വിപുലമായ ശേഖരമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ചക്രവർത്തിമാരുടെ സ്വകാര്യ ശേഖരങ്ങളും ഇവിടെയുണ്ട്. ചൈനയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നാണ് കൊട്ടാര സമുച്ചയം എന്നതിൽ അതിശയിക്കാനില്ല. ഒരിക്കൽ ഇത് നിരോധിച്ചിരുന്നു, എന്നാൽ ഇന്ന്, സന്ദർശകർക്ക് അതിന്റെ വിശാലമായ മുറ്റങ്ങളും അലങ്കരിച്ച ഹാളുകളും എക്സിബിഷനുകളും തൊട്ടടുത്തു നിന്ന് ആസ്വദിക്കാം. ചൈനയുടെ സാമ്രാജ്യത്വ ഭൂതകാലത്തിലേക്ക് എത്തിനോക്കാൻ ഒരവസരമാണ് ഇൻപീരിയൽ പാലസ് ഒരുക്കുന്നത്.