നരിമഞ്ച , ചെങ്കല്ലുകൊണ്ട് പ്രകൃതി ഒരുക്കിയ അത്ഭുത ഗുഹ . സംസ്ഥാനത്തെത്തന്നെ വിസ്താരമേറിയ ഗുഹ . 100 പേർക്ക് കസേരയിട്ട് ഇരിക്കാവുന്ന വലുപ്പമാണ് ഈ ഗുഹയ്ക്കുള്ളത്. കോഴിക്കോട് പേരാമ്പ്ര നഗരത്തിൽ നിന്നും ഒരു കിലോമീറ്ററോളംഅകലെ ചാനിയം കടവ് റോഡിൽ ഹൈസ്‌കൂൾ പരിസരത്ത് നിന്ന് അര കിലോമീറ്ററോളം സഞ്ചരിച്ചാൽ ചേർമലയുടെ നെറുകയിലെത്താം.വനവാസകാലത്ത് പാണ്ഡവർക്ക് ആവശ്യമായ സ്‌നാന ഘട്ടം നിർമ്മിച്ചപ്പോൾ അവശേഷിച്ച ചെളി കൂമ്പാരമായതിനാലാണ് ചേർമലയെന്ന പേര് വന്നതെന്നും ഇവിടെ സ്‌നാന ഘട്ടമൊരുക്കിയതായും ഐതീഹ്യമുണ്ട്. തൊട്ടുതാഴെ പാണ്ഡവ പുരുഷൻമാർക്ക് മാത്രമായി സ്‌നാനഘമൊരുക്കിയത് പിന്നീട് നരിക്കില്ലാപുഴ എന്ന സ്ഥലനാമമായും മാറിയെന്നാണ് നാട്ടുമൊഴി.
ചേർമലയിൽ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ അനുബന്ധമായി നരിമഞ്ച പുരാവസ്തുവകുപ്പ് വിശദമായി പരിശോധിക്കുകയാണ്. നരിമഞ്ച ചെങ്കല്ലുകൊണ്ടുള്ള വലിയ പ്രകൃതിദത്തഗുഹയെന്നാണ് പുരാവസ്തുവകുപ്പിന്റെ നിഗമനം. നരിമഞ്ച ഗുഹയ്ക്ക് ഒരേക്കറോളം വിസ്തൃതിയുള്ളതാണെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ചെങ്കല്ലിനിടയിൽ രൂപംകൊണ്ടിട്ടുള്ള സംസ്ഥാനത്തെ ഏറ്റവും വലീയ വിസ്താരമേറിയ ഗുഹയാകും ഇത്. മണ്ണ് മൂടി കാവടങ്ങൾ അടഞ്ഞു കിടന്നിരുന്ന നരിമഞ്ച ഗുഹകൾ വൃത്തിയാക്കി ഉള്ളിലോട്ട് നീങ്ങുമ്പോൾ ഗുഹയുടെ വലുപ്പം കൂടി വരുകയാണ്. ഗുഹയ്ക്ക് അഞ്ചോളം കാവടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ പഠനം നടന്നു കൊണ്ടിരിക്കുകയാണ്.
പലഭാഗത്ത് നിന്ന് ഗുഹയ്ക്കുള്ളിലേക്ക് കടക്കാനുള്ള വഴിയുണ്ടെന്ന് ഗുഹയ്ക്കുള്ളിൽ കുറച്ചുഭാഗത്തെ മണ്ണ് നീക്കിയപ്പോൾ വ്യക്തമായി.ചേർമലയ്‌ക്കൊപ്പം നരിമഞ്ചയിലെ ടൂറിസം സാദ്ധ്യതകളും പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ പ്രധാന ടൂറിസം കേന്ദ്രമായി ചേർമല മാറും. ഇവിടേക്കെത്തുന്ന സഞ്ചാരികൾക്ക് കുന്നിൻമുകളിലെ പ്രകൃതി ഭംഗിക്കൊപ്പം ഗുഹയിലെ ഭംഗിയും ഒരുമിച്ച് ആസ്വദിക്കാൻ കഴിയും. പേരാമ്പ്രക്കാരുടെ ദീർഘനാളായുള്ള ആഗ്രഹമാണ് ചേർമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്തണമെന്നുള്ളത്.ചേർമല ടൂറിസ്റ്റ് ഭൂപടത്തിൽ ശ്രദ്ധ നേടുന്ന പക്ഷം മേഖലയിലെ മറ്റ് വിനോദ കേന്ദ്രങ്ങളായ പെരുവണ്ണാമൂഴി, ജാനകിക്കാട്, കക്കയം, കരിയാത്തുംപാറ കേന്ദ്രങ്ങൾ കൂട്ടി വിളക്കി ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ വിപുലപ്പെടുത്താൻ കഴിയുമെന്നാണ് നിരീക്ഷണം.