ഗ്രീക്കുകാര്‍ ട്രോയി പട്ടണത്തിലെ യുദ്ധദേവതയായ അഥീനയ്ക്കു കാഴ്ചയര്‍പ്പിച്ച നേര്‍ച്ചയായിരുന്നു ട്രോജന്‍ കുതിര. ഭീമാകാരമായ ആ മഞ്ഞക്കുതിരയെ അവര്‍ ആഘോഷമായി സ്വീകരിച്ചു. പക്ഷേ, കുതിരയുടെ ഉള്ളില്‍ ഗ്രീക്കു പട്ടാളക്കാരായിരുന്നു. അവര്‍ രാത്രിയില്‍ കുതിരയില്‍ നിന്നിറങ്ങി പട്ടണത്തിന്റെ വാതില്‍ തുറന്നിട്ടു. ഗ്രീക്കു പട്ടാളം ഇരച്ചു കയറി പട്ടണം പിടിച്ചെടുത്തു. വിശ്വസാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ കാര്യങ്ങളിലൊന്നാണ് ട്രോജൻ കുതിര എന്ന വിശേഷണം . 2004ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ട്രോയ് പറയുന്നതും , ട്രോജൻ യുദ്ധത്തിന്റെ കഥയാണ് . ചരിത്രവും ,കഥകളുമൊക്കെ അവിടെ നിൽക്കട്ടെ ഇപ്പോഴിതാ തുർക്കിയിൽ ട്രോജൻ കുതിര ഉണ്ടായിരുന്നുവെന്നാണ് ഗവേഷക റിപ്പോർട്ട് . അതിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയെന്നും പറയപ്പെടുന്നു. ട്രോയ് നഗരത്തിനുള്ളിൽ നിന്നാണു കണ്ടെത്തലെന്നത് ഇതിന്റെ സാധ്യത കൂട്ടുന്നു. ഇതിൽ നടത്തിയ കാർബൺ ഡേറ്റിങ്ങുൾപ്പെടെയുള്ള ശാസ്ത്രീയ പരീക്ഷണങ്ങളും, സ്ഥിരീകരിക്കുന്ന ഫലങ്ങളാണു നൽകിയതെന്നും ഗവേഷകർ വെളിപ്പെടുത്തുന്നു.
പൗരാണിക ട്രോയ് നഗരം സ്ഥിതി ചെയ്തിരുന്ന തുർക്കിയിലെ ഹിസാർലിക്കിൽ നിന്നാണു ദുരൂഹമായ തടിയിൽ നിർമിച്ച രൂപം കണ്ടെത്തിയത്. 50 അടി വരെപൊക്കമുള്ള രൂപം ഇതിഹാസത്തിലെ ട്രോജൻ കുതിര തന്നെയാണെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. ഇലിയം’ എന്നത് ട്രോയ് നഗരത്തിന്റെ മറ്റൊരു പേരാണ്. ട്രോജൻ ജനങ്ങൾ ജീവിച്ചിരുന്ന നഗരമായിരുന്നു ട്രോയ്. ഇവിടത്തെ ഇളയ രാജകുമാരനായ പാരിസ്, ഗ്രീക്ക് രാജാക്കൻമാരിലൊരാളായ മെനിലോസിന്റെ ഭാര്യ ഹെലനുമായി പ്രണയത്തിലാകുകയും അവരെ ട്രോയിലേക്കു കടത്തിക്കൊണ്ടുവരികയും ചെയ്തു. തുടർന്നാണ് മെനിലോസിന്റെ സഹോദരൻ അഗമെമ്നോൺ ട്രോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതും. ലോകത്തിലേക്കും വെച്ചേറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നും അറിയപ്പെട്ടിരുന്ന ആ യുവതി. ആ മുഗ്ദ്ധസൗന്ദര്യത്തോട് പാരീസിന് ശാരീരികാകർഷണം തോന്നിയതിൽ അസ്വാഭാവികതയേതുമില്ല. ആ പ്രണയം ഏകപക്ഷീയമായിരുന്നില്ല താനും. പ്രഥമദർശനത്തിൽ തന്നെ പരസ്പരം അനുരക്തരായ അവർ ഇരുവരും ചേർന്ന് മൈസിനിയിൽ നിന്ന് ട്രോയിലേക്ക് പലായനം ചെയ്യുന്നു.
ട്രോജൻ യുദ്ധത്തിൽ ഗ്രീക്കുകാർ നേരിട്ട ഏറ്റവും വലിയ പ്രതിബന്ധം ട്രോയ് നഗരത്തിനു ചുറ്റുമുള്ള കോട്ടമതിലുകളാണ്. ഗ്രീക്കുകാർക്ക് കവാടം ഭേദിച്ച് നഗരത്തിലുള്ളിലേക്ക് കടക്കാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. പത്തു വർഷത്തോളം നഗരത്തെ ഉപരോധിച്ചിട്ടും ഇതു നടക്കാതെ വന്നതോടെ അവരൊരു തന്ത്രം തയാറാക്കി. ഇതു പ്രകാരം ഗ്രീക്ക് സംഘത്തിലുണ്ടായിരുന്ന എപിയസ് എന്ന ശിൽപി കുതിരയുടെ രൂപത്തിൽ ഒരു വലിയ തടിരൂപമുണ്ടാക്കി. ഇതിനുള്ളിൽ കുറേ ഗ്രീക്ക് പടയാളികൾ ഒളിച്ചിരുന്നു. അഥീനാ ദേവിക്ക് ഒരു വഴിപാടെന്ന നിലയിൽ ആ കുതിരയെ അവർ ട്രോയിയുടെ തീരത്ത് സമർപ്പിച്ചു. ശത്രുക്കൾ പോയെന്ന് വിചാരിച്ച ട്രോയ് നഗരത്തിലെ സൈനികർ പുറത്തുവന്ന് മരകുതിരയെ വലിച്ച് ട്രോയ് നഗരത്തിന്നുള്ളിലേക്ക് കൊണ്ടുപോയി.യുദ്ധം അവസാനിച്ചെന്ന് കരുതിയ ട്രോജൻ യോദ്ധാക്കൾ സമാധാനത്തോടെ ഉറങ്ങാൻ കിടന്നു.
ആ സമയത്ത് മരക്കുതിരക്കകത്തിരുന്ന സൈനികർ പുറത്തിറങ്ങി കോട്ടവാതിൽ തങ്ങളുടെ പക്ഷത്തുള്ള യോദ്ധാക്കൾക്ക് തുറന്നുകൊടുത്തു . അപ്രതീക്ഷിതമായ ആക്രമണത്തിൽ ട്രോയ് നഗരം ഗ്രീക്കുകാർ വളരെ ആസൂത്രിതമായി ചതിയിലൂടെ കീഴടക്കി.ഗ്രീക്ക് പുരാണത്തിൽ ദേവൻമാരും ദേവതമാരും ഇരുപക്ഷത്തും അണിനിരന്ന ഒരു യുദ്ധം ആയാണ് ട്രോജൻ യുദ്ധത്തെ വർണിച്ചിരിക്കുന്നത് . ‘ ട്രോജൻ ഹോഴ്സ് ‘ എന്ന ഒരു ഭാഷാശൈലി തന്നെ നിലവിലുണ്ട്. ഈ കഥയോട് ബന്ധപ്പെട്ട് മറ്റൊരു ഭാഷാശൈലിയും പറഞ്ഞു കേൾക്കാറുണ്ട്. അത് അക്കിലസ് എന്ന ധീരയോദ്ധാവിന്റെ കാൽ പാദം എന്നർത്ഥം വരുന്ന ‘അകിലസ് ഹീൽ ‘ ആണ്. ആദ്യകാലത്ത് ട്രോയ് നഗരം ഒരു ഭാവനാസൃഷ്ടിയാണെന്നായിരുന്നു മിക്ക വിദഗ്ധരും ധരിച്ചിരുന്നത്. എന്നാൽ 1873ൽ ഹെയ്ൻറിച് സ്ക്ലീമാൻ എന്ന പുരാവസ്തു ഗവേഷകൻ വടക്കുപടിഞ്ഞാറൻ തുർക്കിയിൽ നിന്ന് ഈ പ്രാചീന നഗരം കണ്ടെത്തി