തിരുവനന്തപുരം: ഷിരൂരിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധന നടക്കും.
കര, നാവിക സേനകൾ ചേര്‍ന്ന് തെരച്ചിൽ നടത്തും. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നൽ കിട്ടിയിരുന്നു. പുഴയിൽ ആഴത്തിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. നോയിഡയിൽ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്. നദിയിൽ അടിയോഴുക്ക് ശക്തമായതിനാൽ ഇന്നലെ സ്കൂബ ഡ്രൈവർമാർക്ക് കാര്യമായി തെരച്ചിൽ നടത്താൻ ആയിരുന്നില്ല. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ഇന്നലെ പുഴയിൽനിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുന്നിടിഞ്ഞു പുഴയിലേക്കു വീണ് കരയിലേക്കു വെള്ളം ഇരച്ചുകയറിയപ്പോൾ കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ (65) മൃതദേഹമാണ് 4 കിലോമീറ്റർ അകലെ മഞ്ചിഗുണി ഗ്രാമത്തിൽനിന്നു ലഭിച്ചത്. സന്നി മണ്ണിനടിയിലായെന്നു കരുതിയിരിക്കെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്.