Kerala

ശക്തമായ കാറ്റിന് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് | Chance of strong winds; Yellow alert today in Kannur and Kasaragod districts

തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദേശം നൽകി. മിന്നലിനും മഴയ്ക്കുമൊപ്പം വീശുന്ന കാറ്റാണ് പലയിടങ്ങളിലും അപകടം വിതയ്ക്കുന്നതെന്നാണു വിലയിരുത്തൽ. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.