കൊച്ചി: റാന്നിയിൽ അമ്മയുടെ കൺമുന്നിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം 30 വർഷം പരോളില്ലാത്ത കഠിനതടവിന് ശിക്ഷിച്ചു. ചെറുകോൽ മാടത്തേത്ത് തോമസ് ചാക്കോയ്ക്ക് (ഷിബു, 50)പത്തനംതിട്ട അഡി. സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം.
ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. പ്രതിക്ക് വിധിച്ച അഞ്ച് ലക്ഷം രൂപ പിഴശിക്ഷ ശരിവച്ചു. പിഴത്തുക കുട്ടികളുടെ അമ്മയ്ക്ക് നൽകണം. തുക നൽകിയിട്ടില്ലെങ്കിൽ സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ സ്കീമിൽ നിന്ന് കണ്ടെത്തണം.അപൂർവങ്ങളിൽ അത്യപൂർവമായ കുറ്റകൃത്യമല്ലെന്ന് വിലയിരുത്തിയാണ് പ്രതിയുടെ വധശിക്ഷ റദ്ദാക്കിയത്. എന്നാൽ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ രക്ഷിതാവിന്റെ സ്ഥാനത്തുള്ളയാൾ അതിക്രൂരമായി ഇല്ലാതാക്കിയത് ഗൗരവമേറിയ വിഷയമാണെന്നും ബെഞ്ച് വ്യക്തമാക്കി.
2013 ഒക്ടോബർ 27ന് രാവിലെയായിരുന്നു ഇരട്ടക്കൊലപാതകം. സ്വത്തുതർക്കവും കുടുംബവഴക്കുമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കുടുംബവീട്ടിലെത്തിയ തോമസ്ചാക്കോ പ്രവാസിയായ ഇളയസഹോദരൻ മാത്യുചാക്കോയുടെ(ഷൈബു) മക്കളായ മെൽബിൻ (7), മെബിൻ (3) എന്നിവരെ കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കുട്ടികളുടെ മാതാവ് ബിന്ദുവിന്റെ മുഖത്ത് മുളകുപൊടി വിതറിയ പ്രതി അമ്മ മേരിക്കുട്ടിയെ ആക്രമിക്കുകയും വീടിന് തീവയ്ക്കുകയും ചെയ്തു.