തിരുവനന്തപുരം : അമരവിളയിൽ ഭൂഗർഭ അറ കണ്ടെത്തി. ബ്രിട്ടീഷ് ഭരണത്തിന് മുൻപ് തീരുവ പണം രഹസ്യമായി സൂക്ഷിക്കാനുപയോഗിച്ച ഭൂഗർഭ അറയാകാമെന്നാണ് ചരിത്രക്കാരന്മാരുടെ നിഗമനം. മാർത്താണ്ഡവർമയുടെ കാലത്തോ അതിന് ശേഷമുള്ള കാലഘട്ടത്തിലേതാകാം അറയെന്നാണ് വിലയിരുത്തൽ.
പുതിയ റേഞ്ച് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിടാനുള്ള ഒരുക്കത്തിനിടെ പറമ്പ് വൃത്തിയാക്കിയപ്പോഴാണ് ഭൂഗർഭ അറ കണ്ടെത്തിയത്. താഴേയ്ക്കിറങ്ങാൻ പിടികളുള്ള ചതുരാകൃതിയിലാണ് അറ. ഭൂഗർഭപാതയാണോ ശൗചാലയമാണോ അറയാണോ എന്ന സംശയമാണ് നാട്ടുകാർക്കുള്ളത്.
സ്വാതന്ത്ര്യത്തിന് മുൻപും ഇവിടെ എക്സൈസ് ഓഫീസായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ഇത് ശരിവയ്ക്കുന്നതാണ് ചരിത്രക്കാരന്മാരുടെ നിഗമനവും. ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപ് പണമോ പ്രധാനപ്പെട്ട രേഖകളോ സൂക്ഷിക്കാനായി ഉപയോഗിച്ച രഹസ്യ അറ ആകാമിതെന്നാണ് ചരിത്രക്കാരൻ എൻ.ജി ശശിഭൂഷൺ പറയുന്നത്.
കറുപ്പും പുകയിലയും മദ്യവുമായിരുന്നു അന്നത്തെ കാലത്തെ പ്രധാന തീരുവയിനങ്ങൾ. തീരുവ പണം സൂക്ഷിക്കാനായി ഉപയോഗിച്ച അറയാകാം ഇതെന്നാണ് നിഗമനം. തിരുവിതാകൂറിന്റെ പ്രദേശങ്ങളിൽ മുൻപും ഇത്തരം അറകൾ കണ്ടെത്തിയിട്ടുണ്ട്.