കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. നിർമാതാവിന്റെ ഹർജിയിലാണ് നടപടി. ഒരാഴ്ചത്തേക്കാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. അപ്പീൽ നൽകിയവരാരും കമ്മീഷനു മുന്നിൽ മൊഴി നൽകിയവരല്ലെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ വാദിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പൊതു താൽപ്പര്യമില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു. ഒരാഴ്ച്ചത്തേക്കാണ് സ്റ്റേ. എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചു.
റിപ്പോർട്ട് പുറത്തുവിടുന്നത് തടയരുതെന്ന് വിവരാവകാശ കമ്മീഷനും സർക്കാരും നിലപാട് സ്വീകരിച്ചെങ്കിലും ചിലരുടെ സ്വകാര്യതയെ ബാധിക്കുമെന്ന ഹർജിക്കാരന്റെ വാദം കോടതി കണക്കിലെടുക്കുകയായിരുന്നു. അഞ്ച് വർഷത്തോളമായി ഹേമ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ട്. ഇത് പരസ്യപ്പെടുത്തണമെന്ന് നേരത്തെ മുതൽ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 3.30 ന് റിപ്പോർട്ട് പുറത്തുവിടാൻ ഇരിക്കെയാണ് 2.30 ഓടെ കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
അവസാന നിമിഷം മാത്രം എന്തുകൊണ്ടാണ് ഹർജിക്കാരൻ എതിർപ്പുമായി വന്നതെന്നും ഹർജിക്കാരന്റെ ഭയത്തിന് എന്ത് അടിസ്ഥാനമെന്നും വിവരാവകാശ കമ്മീഷൻ വാദത്തിനിടെ ചോദിച്ചു. നാളെ എന്തെങ്കിലും സംഭവിച്ചാലോയെന്ന് ആയിരുന്നു ഹർജിക്കാരന്റെ അഭിഭാഷകന്റെ മറുപടി. സ്വകാര്യത ഉറപ്പാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുകയെന്നും ഹർജിക്കാരന്റെ മാത്രമല്ല മറ്റാരുടെയും പേര് പുറത്തു വിടരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. സ്വകാര്യത സംബന്ധിച്ച സാക്ഷിമൊഴികളും ഒഴിവാക്കിയെന്നും റിപ്പോർട്ടിലെ 233 പേജുകൾ മാത്രമാണ് പുറത്തുവിടുന്നതെന്നും കമ്മീഷൻ കോടതിയിൽ അറിയിച്ചു. ഹർജി നിലനിൽക്കുന്നതല്ലെന്ന് സർക്കാരും വാദിച്ചു.
എന്നാൽ റിപ്പോർട്ട് ആവശ്യപ്പെട്ടവരാരും നടപടികളുടെ ഭാഗമായിരുന്നില്ലെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നത് പ്രശസ്തി നേടാൻ വേണ്ടിയാണെന്നും ഹർജിക്കാരൻ വാദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹർജിക്കാരനും കക്ഷി അല്ലെന്നും ഹർജിയിൽ പൊതുതാൽപര്യമില്ലെന്നും വിവരാവകാശ കമ്മീഷൻ മറുപടി നൽകി. സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒഴിവാക്കുന്ന ഭാഗങ്ങൾ സംബന്ധിച്ച നോട്ടീസ് പബ്ലിക് ഇൻഫർമേഷൻ അപേക്ഷകർക്ക് നൽകിയിരുന്നുവെന്നും കമ്മീഷൻ വ്യക്തമാക്കി.
ഹർജിക്കാരൻ മറ്റാർക്കോ വേണ്ടി സംസാരിക്കുകയാണെന്നും റിപ്പോർട്ട് പുറത്തുവരുന്നത് ഹർജിക്കാരനെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നും ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന് സർക്കാരിനെ അറിയിച്ചിരുന്നതായും ഹർജിക്കാരൻ വാദിച്ചു. അപ്പീൽ നൽകിയവരാരും കമ്മീഷനു മുന്നിൽ മൊഴി നൽകിയവരല്ലെന്നും ഹർജിക്കാരൻ പറഞ്ഞു.
നിയമസഭയിൽ വയ്ക്കാൻ തീരുമാനിച്ച റിപ്പോർട്ടാണിതെന്നും നിയമസഭയിലോ പാർലമെന്റിലോ വയ്ക്കുന്ന റിപ്പോർട്ടുകൾ അറിയാൻ ഓരോ പൗരനും അവകാശമുണ്ടെന്നും വിവരാവകാശ കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
റിപ്പോർട്ട് പുറത്തുവിടുമ്പോൾ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നും ഇത് പൂർണമായി പാലിക്കുന്നുണ്ടെന്ന് ഗവൺമെന്റ് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും വിവരാവകാശ കമ്മീഷൻ നേരത്തെ നിർദ്ദേശിച്ചിരുന്നു.